ഇംഫാല്‍: മണിപ്പൂരിലെ ദ്വിദിന സന്ദര്‍ശനത്തിന്‍റെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കുകിഴക്കൻ സംസ്ഥാനം സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് രാഹുല്‍ കുറിച്ചു. ”മണിപ്പൂര്‍ സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണ്. രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടയില്‍, നമ്മുടെ സഹോദരീസഹോദരന്മാർ വേദനിക്കുന്നത് കണ്ട് എന്‍റെ ഹൃദയം തകർന്നു. സമാധാനമാണ് മുന്നിലുള്ള ഏക വഴി, നാമെല്ലാവരും അതിനായി പ്രവർത്തിക്കണം” രാഹുല്‍ ട്വീറ്റ് ചെയ്തു.
വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം കാരണം ഉയർന്നുവന്ന മതിലുകളുടെ ഉത്തരവാദികൾ മണിപ്പൂരിലെ ജനങ്ങളല്ല, സംസ്ഥാന പോലീസും ഭരണകൂടവുമാണ് എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.”മണിപ്പൂരിന് സമാധാനം ആവശ്യമാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് രോഗശാന്തി സ്പർശം ആവശ്യമാണ്. വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്‍റെ മതിലുകൾ തകർക്കേണ്ടതുണ്ട്, അതിന് മുഖ്യമന്ത്രി രാജിവയ്ക്കണം ,പ്രധാനമന്ത്രി ഉണരണം.” ജയറാം രമേശ് കുറിച്ചു.