തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്ത് 13 പേർ. എ ഗ്രൂപ്പിന്റെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ് പ്രതിനിധി അബിൻ വർക്കിയുമാണ് മുഖ്യ എതിരാളികൾ. എ ഗ്രൂപ്പിന്റെ ഔദ്യോഗിക തീരുമാനത്തിനെതിരെ ഉമ്മൻ ചാണ്ടി അനുയായികളെന്നവകാശപ്പെട്ട് രംഗത്തെത്തിയ വിമത യുവനിര രംഗത്തിറക്കിയ മൂന്നുപേരും മൂന്ന് വനിതകളും മൂന്ന് പട്ടികവിഭാഗക്കാരും മത്സരരംഗത്തുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, വിഷ്ണു സുനിൽ, ദുൽഖിതിൽ, എസ്.പി. അനീഷ്, അഡ്വ. ആബിദലി, അനൂപ് താജ്, വീണ എസ്. നായർ, അരിത ബാബു, ശിബിന, ഒ.ജെ. ജനീഷ്, വൈശാഖ്, എസ്.കെ. പ്രേംരാജ് എന്നിവരാണ് സ്ഥാനാർഥികൾ.
സ്വന്തം നിലക്ക് പത്രിക നൽകിയ ജാസ് പോത്തന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. മത്സരിക്കുന്നവരിൽ ഒരാൾ പ്രസിഡന്റാവും. ശേഷിക്കുന്നവരിൽനിന്ന് ഒമ്പത് പേർ ലഭിച്ച വോട്ടുകളുടെയും സംവരണതത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റുമാരാവും. ഇത്തവണ വരുത്തിയ മാറ്റമനുസരിച്ച് ഏറ്റവുമധികം വോട്ട് നേടുന്ന മൂന്നുപേരെ ദേശീയനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയാണ് പ്രസിഡന്റിനെ പ്രഖ്യാപിക്കുക. ജൂൺ 28 മുതൽ ജൂലൈ 28 വരെയാണ് അംഗത്വവിതരണവും വോട്ടെടുപ്പും ഒരുമിച്ച് നടക്കുക. പ്രസിഡന്റ്, ജനറൽസെക്രട്ടറി, ജില്ല പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഒരാൾക്ക് ആറ് വോട്ടാണുള്ളത്.