കൊച്ചി : കേരളത്തില്‍ തുടര്‍ക്കഥയാകുന്ന കൊലപാതകങ്ങളില്‍ ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം കണ്ണൂരില്‍ കണ്ടിരുന്ന കൊലപാതക പരമ്പരകള്‍ ഇന്ന് കേരളത്തിലുടനീളം വ്യാപിച്ചുവെന്നതാണ് പിണറായിയില്‍ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കന്‍ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലമെന്ന് രാഹുല്‍ പരിഹസിച്ചു.
‘ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലില്‍ നിന്ന് പിണറായി വിജയന്‍ ഒന്നിറങ്ങണം. ഈ നാടിനൊരു നാഥന്‍ വേണം. അങ്ങയെ ഏല്‍പ്പിച്ച കസേര താങ്കള്‍ക്ക് പറ്റില്ലെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലും ഏല്‍പ്പിക്കണം. ഇനിയും നിലവിളികള്‍ കേള്‍ക്കാന്‍ വയ്യ’- രാഹുല്‍ പറഞ്ഞു. ‘തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാന്‍ കഴിയില്ല കാരണം കാറ്റ് അടിക്കുമ്പോഴെങ്കിലും വാഴ ഒന്ന് അനങ്ങും എന്നാല്‍ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്.’-രാഹുല്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
Nov 17 പാലക്കാട് സഞ്ജിത്തിനെ ( ആർ എസ് എസ് ) വെട്ടി കൊന്നു.
Dec 2 തിരുവല്ല സന്ദീപ് ( സിപിഎം ) വെട്ടി കൊന്നു.
Dec11 തിരുവനന്തപുരം സുധീഷിനെ വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞു.
Dec 19 ആലപ്പുഴ ഷാന്‍ (എസ്ഡിപിഐ ) വെട്ടി കൊന്നു
Dec 19 ആലപ്പുഴ രഞ്ജിത്ത് (ബിജെപി) വെട്ടി കൊന്നു
പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം കണ്ണൂരില്‍ കണ്ടിരുന്ന കൊലപാതക റേഷ്യോയായിരുന്നുവിത്. ഇന്ന് കേരളത്തിലുടനീളം ഇത് വ്യാപിച്ചുവെന്നതാണ് പിണറായിയില്‍ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കന്‍ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലം. രണ്ട് വര്‍ഗീയ സംഘടനകളുടെ മത്സരിച്ചുള്ള വെട്ടിക്കൊല്ലല്‍ മാത്രമല്ല കഞ്ചാവ് ക്വട്ടേഷന്‍ സംഘങ്ങള്‍ പുകച്ചുരുള്‍ ഊതിയുള്ള ക്രൂര വിനോദങ്ങളും നാം കണ്ടു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഇരട്ടച്ചങ്കന്‍ തിരിച്ചിറങ്ങുമ്പോള്‍ അനേകം തലകളുയരും അനാഥ മക്കളും വിധവകളുടേയും നിലവിളിയുയരുന്നു. ദയവായി ഒരഭ്യര്‍ത്ഥന ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലില്‍ നിന്നും പിണറായി വിജയന്‍ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥന്‍ വേണം, അങ്ങയെ ഏല്‍പ്പിച്ച കസേര താങ്കള്‍ക്ക് പറ്റില്ലെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലും ഏല്‍പ്പിക്കണം, ഇനിയും നിലവിളികള്‍ കേള്‍ക്കാന്‍ വയ്യ.
‘അനക്കറിയില്ല’ എന്ന ഒറ്റ വാചകം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ് അഭ്യന്തര അന്തരീക്ഷം. അറിയുന്ന ആരെയെങ്കിലും പണി ഏൽപ്പിക്കണമെന്ന് തന്നെയാണ് പറയുന്നത്. തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാന്‍ കഴിയില്ല, കാരണം കാറ്റ് അടിക്കുമ്ബോഴെങ്കിലും വാഴ ഒന്ന് അനങ്ങും, എന്നാല്‍ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്.