തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം ഭൂഗർഭ പാത യാഥാർത്ഥ്യമാകുന്നു. പാതയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് അന്തിമ അംഗീകാരം നൽകി. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗർഭ പാതയ്ക്കാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകാൻ ഇനി ഏതാനും മാസങ്ങൾ ബാക്കി നിൽക്കെകയാണ് ഭൂഗർഭ പാത നിർമ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്.
ഭൂഗർഭ പാതയുടെ നിർമ്മാണത്തിനായി 1154 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി മൂന്നര വർഷം കൊണ്ട് പൂർത്തീകരിക്കും. തുറമുഖത്തിന് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാന് ബാലരാമപുരം. ഭൂഗർഭ പാതയുടെ ആകെ നീളം 10.7 കിലോമീറ്ററാണ്. ഇതിൽ 9.43 കിലോമീറ്റർ കടന്നു പോകുന്നത് ഭൂമിക്കടിയിലൂടെയാണ്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. റെയിൽവേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ വരും വർഷങ്ങളിൽ ചരക്ക് നീക്കത്തിന്റെ വലിയ ഹബ്ബായി ബാലരാമപുരം മാറുന്നതാണ്.