ഷൊർണൂർ : കുപ്പിവെള്ളവും മറ്റ് ദാഹശമനികളും കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിക്കാനായി റെയിൽവെ ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുന്നു. ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ യന്ത്രത്തിലേക്കിട്ടാൽ കഷ്ണങ്ങളാക്കി യന്ത്രത്തിൽ സംഭരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടം പുനരുപയോഗത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറുന്നരീതിയിലാണ് ക്രമീകരണം. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
സ്വകാര്യ കമ്പനികളുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഫണ്ട് (സി.എസ്.ആർ.) ഉപയോഗപ്പെടുത്തിയാണ് യന്ത്രങ്ങൾ സ്ഥാപിക്കുക. മിനിറ്റിൽ 25 കുപ്പികൾവരെ കഷ്ണങ്ങളാക്കാനുള്ള വേഗത യന്ത്രത്തിനുണ്ട്. 4,000 കുപ്പികളുടെ അവശിഷ്ടം യന്ത്രത്തിൽ സംഭരിക്കും.യന്ത്രം നിറയുന്നതോടെ ഈ അവശിഷ്ടം പ്ലാസ്റ്റിക് പുനരുപയോഗിക്കാവുന്ന കമ്പനികൾക്ക് കൈമാറും. നിറയുന്നതിനുമുമ്പായി അവശിഷ്ടം സംഭരിക്കുന്ന കമ്പനികൾക്ക് സന്ദേശം നൽകുമെന്നും നിർമാതാക്കൾ അവകാശപ്പെട്ടു.
ഒന്നര എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുക. കുപ്പികളിടുമ്പോൾ തനിയെ പ്രവർത്തിക്കുന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അമിത ചൂടിലും അമിതമായ അളവിൽ കുപ്പികളെത്തിയാലും പ്രവർത്തിക്കാനുള്ള കഴിവും യന്ത്രത്തിനുണ്ട്. റെയിൽവേയുടെ തമിഴ്‌നാട്ടിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്ഥാപിച്ചുകഴിഞ്ഞു.
പാലക്കാട് ഡിവിഷനിൽ തിരൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം സ്റ്റേഷനുകളിലേക്കായുള്ള യന്ത്രങ്ങൾ എത്തിച്ചു. ഷൊർണൂർ സ്റ്റേഷനിൽ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, ഒറ്റപ്പാലം സ്റ്റേഷനുകളിലേക്കായുള്ള യന്ത്രങ്ങളെത്തിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
മധുരൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേസ്റ്റ് ടു വെൽത്ത് എന്ന സ്വകാര്യ കമ്പനിയാണ് റെയിൽവേക്കായി കുപ്പികൾ സംസ്‌കരിക്കുന്ന യന്ത്രങ്ങൾ സ്ഥാപിച്ചുനൽകുക. ചെന്നൈ ഡിവിഷന്റെ കീഴിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും സ്ഥാപിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റെയിൽവേ അധികൃതർ വിശദീകരിച്ചു.