ദില്ലി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്. പാസഞ്ചർ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 500 കിലോ മീറ്ററിന് മുകളിലേക്കുള്ള യാത്രക്ക് മാത്രമാണ് വർധന. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്. എക്സ്പ്രസ് ട്രെയിനിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ നോൺ എ സി കോച്ചിൽ 10 രൂപയും എ സി കോച്ചിൽ 20 രൂപയും അധികം നൽകണം. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർധന ബാധകമല്ല.
നിരക്ക് വർധന ടിക്കറ്റ് തുകയിലെ മാറ്റങ്ങള്‍
150 കിലോമീറ്റർ എസി ചെയർ കാർ നിരക്ക് 265 രൂപ ആയിരുന്നത് 270 ആകും.
തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 290 ആയിരുന്നത് ഇനി 295 രൂപ.
തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 460 രൂപ ആയിരുന്നത് ഇനി 470 ആകും.
തിരുവനന്തപുരം ബംഗളൂരു എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 430 ആയിരുന്നത് 440 ആകും.
200 കിലോമീറ്റർ വരുന്ന സ്ലീപ്പർ ടിക്കറ്റിന്റെ നിരക്ക് 145 രൂപ ആയിരുന്നത് 150 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള തേർഡ് എസി ടിക്കറ്റ് നിരക്ക് 505 രൂപ ആയിരുന്നത് 510 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള സെക്കൻഡ് എസി നിരക്ക് 710 രൂപ ആയിരുന്നത് 715 ആകും.