ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച സമിതിയിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിട്ട് റെയിൽവേ. നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഷ്യൽ മാനേജർ നർസിങ് ദിയോ, നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ പങ്കജ് ഗാങ്‌വാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. അന്വേഷണം ആരംഭിച്ച കമ്മിറ്റി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ എല്ലാ വീഡിയോ ദൃശ്യങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഉത്തരവിട്ടു. മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് ന്യൂഡൽഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം ഉണ്ടായത്. സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസും വൈകിയതിനാല്‍ ഈ ട്രെയിനുകളിലെ യാത്രക്കാര്‍ 12, 13, 14 പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്നു. ഇതിനിടെ പ്രയാഗ്‌രാജ് എക്സ്പ്രസ് 14-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയതോടെ ജനക്കൂട്ടം ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം അപകടത്തില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മര്‍ലേന രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും പ്രയാഗ്‌രാജില്‍ ശരിയായ ക്രമീകരണങ്ങളില്ലെന്നും അതിഷി പറഞ്ഞു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി എം.എല്‍.എ പറഞ്ഞു.