തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി, വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ മുതല്‍ മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചാലിയാര്‍, പുന്നപുഴകളില്‍ വെള്ളം കൂടി. പോത്ത്‌കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നല്‍കി.
വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാര്‍ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. ഇതും ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. നിലമ്പൂര്‍, ഏറനാട് , കൊണ്ടോട്ടി തഹസില്‍ദാര്‍മാരോടും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും ജലനിരപ്പ് നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.