കോന്നി : കോന്നിയുടെ മലയോര മേഖലയിൽ മഴ തുടരുന്നു. തണ്ണിതോട്, തേക്കുതോട്, മണ്ണീറ, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങി മലയോര മേഖലയുടെ വിവിധ സ്ഥലങ്ങളിൽ മഴ ശക്തമാണ്. കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് കുട്ടവഞ്ചി സവാരി തത്കാലികമായി നിർത്തി വെച്ചു.
മലയോര മേഖലയിലെ റോഡുകളിൽ മഴവെള്ള പാച്ചിൽ ശക്തമായതിനെ തുടർന്ന് കല്ലും മണ്ണും നിറഞ്ഞ് ഗതാഗത തടസം രൂക്ഷമാണ്. ഗ്രാമീണ റോഡുകളിൽ നാട്ടുകാർ തന്നെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുകയാണ്. കല്ലാറും അച്ചൻകോവിലാറ്റിലും ഒഴുക്ക് ശക്തമായിട്ടുണ്ട്. കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നിട്ടിട്ടുണ്ട്. തണ്ണിത്തോട് പൂച്ചക്കുളത്ത് ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശ വാസികൾ ആശങ്കയിലാണ്. മുൻ വർഷങ്ങളിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിൽ പ്രദേശം ഒറ്റപെട്ടു പോയിരുന്നു.