തിരുവനന്തപുരം : മഴക്കെടുതിയെ തുടര്‍ന്നുള്ള ധനസഹായവിതരണം ഊര്‍ജിതമാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത യോഗത്തിലാണ് നിര്‍ദ്ദേശം.
കൃഷിനാശത്തിന്റെ വിശദവിവരം ലഭ്യമാക്കണം. രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയം ഇടപെടല്‍ ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടാം.
കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലടക്കം രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നതായി യോഗം വിലയിരുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങള്‍ വിടരുത്. ബുധന്മുതല്‍ മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല.
എന്നാല്‍, തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴയും ഒക്ടോബറിലെ ആദ്യ 17 ദിവസത്തില്‍ ലഭിച്ചു. ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ നീളുന്ന തുലാവര്‍ഷം ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി. റവന്യൂ, വൈദ്യുതി മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.