ആലപ്പുഴ : ആർത്തുപെയ്‌ത മഴയ്ക്ക് നേരിയകുറവുണ്ടായെങ്കിലും ദുരിതംവിട്ടൊഴിയാതെ നഗരത്തിലെ പാടശേഖരമേഖലകൾ. നഗരത്തിന്റെ കിഴക്കൻമേഖലയിലെ കന്നിട്ട പാടശേഖരം, തിരുമലവാർഡിലെ കൊമ്പൻകുഴി എന്നിവിടങ്ങൾക്കു സമീപത്തെ ഒട്ടേറെ വീടുകളിപ്പോഴും വെള്ളത്തിലാണ്. കനത്തമഴയ്ക്കു പിന്നാലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ വെള്ളംകയറ്റിയിട്ടിരുന്നതാണ് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയത്. ഇതേത്തുടർന്ന് പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്. ഇവിടങ്ങളിൽ പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കുന്നതിനു സമയബന്ധിതമായുള്ള നടപടികളുണ്ടാകാതിരുന്നതാണു തിരിച്ചടിയായത്.
മൂന്നായി തിരിച്ചിരിക്കുന്നതാണ് കന്നിട്ട പാടശേഖരം. കന്നിട്ട എ, കന്നിട്ട സെൻട്രൽ, കന്നിട്ട ബണ്ടിനകം എന്നിങ്ങനെയാണ് പാടശേഖരം തിരിച്ചിരിക്കുന്നത്. കന്നിട്ട എ, കന്നിട്ട ബണ്ടിനകം എന്നീ പാടശേഖരങ്ങൾ വെള്ളംവറ്റിക്കുന്നതിനായി മോട്ടോർ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും കന്നിട്ട സെൻട്രൽ പാടശേഖരം മോട്ടോർ വെക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതാണ് മറ്റു പാടശേഖരക്കാർക്കും അഞ്ഞൂറോളം കുടുംബങ്ങൾക്കും തിരിച്ചടിയായത്. കൊമ്പൻകുഴി പാടശേഖരസമിതിയും സമാനമായി വെള്ളം പമ്പുചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ടു രൂക്ഷമാക്കിയതെന്നാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നത്.
ഈ പ്രദേശത്തായി ഇരുന്നൂറോളം കുടുംബങ്ങളാണുള്ളത്. ഇവിടെനിന്നു സ്ഥിരമായി വെള്ളം പമ്പുചെയ്യണമെന്ന നിർദേശം പാടശേഖരസമിതി പാലിച്ചില്ലെന്നും പ്രദേശത്തുള്ളവർ കുറ്റപ്പെടുത്തി. ഇവിടെ പതിവായുള്ള മടവീഴ്ചയിൽ പ്രദേശങ്ങൾ വെള്ളത്തിലാകുന്നെന്ന പരാതി ഹൈക്കോടതിയും പരിഗണിച്ചിരുന്നു. ഇതേത്തുടർന്ന് 2011-ൽ ആലപ്പുഴ ആർ.ഡി.ഒ. സ്ഥലപരിശോധന നടത്തി യോഗംവിളിച്ച് ചില നിർദേശങ്ങൾ നടപ്പാക്കാൻ ഉത്തരവിട്ടിരുന്നു. വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കി സ്ഥിരമായി വെള്ളം പമ്പുചെയ്യുക, വരമ്പുമുറിച്ച് വെള്ളം കയറ്റാതിരിക്കുക, വരമ്പിന്റെ അളവിൽമാത്രം വെള്ളം കയറ്റുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. ഇതൊന്നും പാലിക്കുന്നില്ല.