തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 35 ശതമാനത്തിന്‍റെ കുറവെന്ന് കണക്കുകള്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 85.2 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂണില്‍ 64.8, ജൂലൈയില്‍ 65.3 സെന്റിമീറ്റര്‍ എന്നിങ്ങനെയാണ് സാധാരണ സംസ്ഥാനത്ത് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ ആകെ 26 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. ജൂലൈയില്‍ 59.2 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. കാസര്‍ഗോഡ്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ കുറവാണ്. ഇടുക്കി (52%), വയനാട് (48%), കോഴിക്കോട് (48%) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ( 1602.5 mm) ജില്ലയിലാണെങ്കിലും അവിടെയും 18 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷത്തില്‍ 201.86 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ആകെ 173.6 സെന്റിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതിരൂക്ഷ വരൾച്ചയാകും സംസ്ഥാനത്തെ കാത്തിരിക്കുന്നത്. വരും മാസങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വരൾച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) മുന്നറിയിപ്പു നൽകുന്നു. ദുരന്ത സാഹചര്യത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്നും സിഡബ്ല്യുആർഡിഎം മുന്നറിയിപ്പു നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലാകും. ആറ് ജില്ലകളിൽ തീവ്ര വരൾച്ചയും എട്ട് ജില്ലകളിൽ കഠിന വരൾച്ചയുമായിരിക്കും ഉണ്ടാവുക.
കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വർഷത്തേക്കാളും രണ്ട് മീറ്ററിൽ കൂടുതൽ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ താഴെയാണ് നിലവിലുള്ള വെള്ളത്തിന്‍റെ ശേഖരം. അതേസമയം വരുന്ന കടുത്ത വരൾച്ചയെ മുന്നിൽക്കണ്ട് കല്ലട ജലസേചന പദ്ധതിയിൽ നിന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന കലാലുകളിൽ കൂടിയെങ്കിലും ചെറിയതോതിൽ വെള്ളം തുറന്നു വിട്ടാൽ ഒരു പരിധിവരെ കനാലുകൾ കടന്നു പോകുന്ന ഈ പ്രദേശങ്ങളിലെ കടുത്ത വേനലിന് ചെറിയ ഒരു ആശ്വാസം ലഭിക്കും.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കനാലുകൾ തുറക്കുന്ന പതിവ് ഇല്ലെങ്കിലും ഈ വർഷം കാര്യമായ മഴ ലഭിക്കാത്തതിനാൽ കനാലുകൾ തുറക്കേണ്ടത് അടിയന്തിര ആവശ്യം തന്നെയാണ്. വിതരണ കനാലുകളില്‍ കൂടി ഈ സമയം വെള്ളം കയറ്റി വിടുക ശ്രമകരമാണ്. അതിനാൽ മെയിൻ കനാലുകളിൽ കൂടി മാത്രം ക്രമീകരിച്ചാൽ കുടിവെള്ള പദ്ധതികൾക് ആശ്വാസം ലഭിക്കും. കൊല്ലം ജില്ലയിലൂടെയും പത്തനംതിട്ട ജില്ലയിലൂടെയും കടന്ന് ആലപ്പുഴ ജില്ല വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന കനാലുകൾ വേനൽക്കാല വരൾച്ചക്ക് ഒരു പരിധിവരെ അറുദി വരുത്തും. എന്നാല്‍ വെള്ളം തുറക്കുന്നതിനായി പ്രധാന കനാലുകളിൽ അടിയന്തിര പണികൾ വിളിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്രയും വേഗം പണികൾ പൂർത്തീകരിക്കേണ്ടത് അത്യാവശ്യമാണ്.