ചെന്നൈ : രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിൽ. ചെന്നൈ വള്ളുവർകോട്ടത്താണ് ആരാധകരുടെ പ്രതിഷേധം. അനാരോഗ്യത്തെ തുടർന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്
രാഷ്ട്രീയപ്രവേശനം തമിഴ് സൂപ്പര്താരം രജനീകാന്ത് ഉപേക്ഷിച്ചെങ്കിലും ആരാധകർ പിന്നോട്ട് പോകാൻ തയ്യാറല്ല. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകർ ചെന്നൈ വള്ളുവർ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകർ തെരുവിലുണ്ട്. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധത്തിൽ ഒപ്പമുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ സമരത്തിൻറെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ.
കനത്ത പോലീസ് സുരക്ഷയിലാണ് വള്ളുവർ കോട്ടം. പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാൻസ് അസോസിയേഷൻ അംഗങ്ങളും വള്ളുവർ കോട്ടത്തെത്തി. വള്ളൂർ കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പോലീസ് അനുമതി നൽകിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതൽ ബൂത്ത് തല പ്രവർത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തിൽ നിന്ന് രജനി പിന്നോട്ടു പോയത്.