ജയ്പൂർ: തുടർച്ചയായ രണ്ടാം മത്സരത്തിലും പടിക്കൽ കലമുടച്ച് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 180 റൺസ് പിന്തുടർന്ന രാജസ്ഥാൻ രണ്ട് റൺസകലെ വീഴുകയായിരുന്നു. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് വേണ്ട രാജസ്ഥാന് ഏഴ് റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഉഗ്രൻ തുടക്കമാണ് യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻശിയും ചേർന്ന് നൽകിയത്. ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയോടെ ക്രീസിലെത്തിയ വൈഭവ് ആദ്യ പന്തിൽ തന്നെ ഷർദുൽ ഠാക്കൂറിനെ സിക്സറിന് പറത്തിയാണ് തുടങ്ങിയത്. മറുവശത്ത് ജയ്സ്വാളും അടിച്ചുതകർത്തതോടെ രാജസ്ഥാൻ സ്കോർ കുതിച്ചുപാഞ്ഞു.
8.4 ഓവറിൽ 85 റൺസിൽ നിൽക്കേയാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‍ടമാകുന്നത്. പിന്നീടെത്തിയ നിതീഷ് റാണ (8) പെട്ടെന്ന് മടങ്ങിയെങ്കിലും റ്യാൻപരാഗും (39) ജയ്സ്വാളും (74) ചേർന്ന് ടീമിനെ മുന്നോട്ടുനടത്തി. 18 പന്തുകളും എട്ട് വിക്കറ്റും കൈയ്യിലിരിക്കേ 24 റൺസ് മാത്രം വേണ്ട നിലയിൽ നിന്നാണ് രാജസ്ഥാൻ മത്സരം പരാജയപ്പെട്ടത്.ആദ്യം ബാറ്റുചെയ്ത ലഖ്നൗ എയ്ഡൻ മാർക്രത്തിന്റെയും (66), ആയുഷ് ബദോനിയുടെയും മിടുക്കിലാണ് (50) മികച്ച സ്കോർ ഉയത്തിയത്. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ തിമിർത്തടിച്ച അബ്ദുൽ സമദാണ് (10 പന്തിൽ 30) ലഖ്നൗവിനെ 180ൽ എത്തിച്ചത്. ലഖ്നൗക്കായി ആവേശ് ഖാൻ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.