പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വദിനം സമഭാവനാ ദിനമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആചരിച്ചു. എല്ലാ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വതതില്‍ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി സമഭാവനാ പ്രതിജ്ഞ പ്രവര്‍ത്തകര്‍ ചൊല്ലി.
സമഭാവനാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ നടന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ശാസ്ത്ര സാങ്കേതിക യുഗത്തിലേക്ക് ഉയര്‍ത്തിയ നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു രാജീവ് ഗാന്ധി എന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. സാം പി ത്രോഡമുമായി ചേര്‍ന്ന് വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ വാതായനങ്ങള്‍ രാജീവ് തുറന്നപ്പോള്‍ എതിര്‍ത്തവരായ ഇന്നത്തെ കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കള്‍ വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് രാഷ്ട്രീയമായി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം പഞ്ചവത്സര പദ്ധതിയില്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് രാജീവ് ഗാന്ധി പദ്ധതികള്‍ നടപ്പാക്കി. ദേശീയ വിഭ്യാഭ്യാസ നയത്തിനു രൂപം കൊടുത്തത് രാജീവ് ഗാന്ധിയായിരുന്നു. സമാധാന സംരക്ഷണത്തിനായുള്ള നിരവധി കരാറുകളില്‍ ഒപ്പിടാന്‍ ഭാഗ്യം സിദ്ധിച്ച നേതാവാണ് രാജീവ് ഗാന്ധി. എന്നാല്‍ അത്തരം കരാറില്‍ എര്‍പ്പെട്ടതിനു രാജീവ് ഗാന്ധിക്ക് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.
സമഭാവനാ ദിനത്തിന്റെ ഭാഗമായി ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്തു. രക്തദാനം നടത്തുന്നതിന് സന്നദ്ധരായ 1000 പേരുടെ സമ്മതപത്രം ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് കൈമാറി. സമഭാവനാ ദിനാചരണത്തിന്റെ ഭാഗമായി മെഴുവേലി പത്തിശ്ശേരി ഹരിജന്‍ കോളനിയില്‍ ഡി.സി.സി നേതൃത്വത്തില്‍ എല്ലാ വീടുകളിലും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
ഡി.സി.സി യില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ജ്യോതി പ്രസാദ്, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, സാമുവല്‍ കിഴക്കുപുറം, ജാസിം കുട്ടി, സജി കൊട്ടയ്ക്കാട്, അഡ്വ. വി. ആര്‍ സോജി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഇന്‍ചാര്‍ജ്ജ് അബ്ദുള്‍ കലാം ആസാദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.