തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുളള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ. രാജീവ് ഗാന്ധി സെന്റര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ‘ആര്‍എസ്‌എസ് നേതാവായ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയത് കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്‌എസിന്റെ വര്‍ഗീയ രാഷ്ട്രീയം പേരുകളിലൂടെ രാജ്യത്ത് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയോ ജനങ്ങള്‍ക്ക് വേണ്ടിയോ ഒന്നും ചെയ്യാതെ രാജ്യത്തെ ഒറ്റു കൊടുക്കാന്‍ കൂട്ടുനിന്ന സംഘടനയുടെ നേതാവിന്റെ പേര് ഒരു ഗവേഷണ സ്ഥാപനത്തിന് നല്‍കുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. എല്ലാ കാലത്തും യുക്തിരാഹിത്യത്തിന്റെ ഇന്ത്യന്‍ പരിച്ഛേദമാണ് ഗോള്‍വാള്‍ക്കര്‍.
രാജ്യത്തെ മതപരമായി വിഭജിക്കുവാനും ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ പേരുകളിലൂടെയും ഫോട്ടോകളിലൂടെ ഇന്ത്യന്‍ ചരിത്രത്തിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ഫോട്ടോ വെച്ചതിന് പിന്നാലെ രാജീവ് ഗാന്ധി സെന്റര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിനെ ഗോള്‍വാള്‍ക്കറുടെ പേരു നല്‍കിയത് ഇതിന്റെ ഭാഗമാണ്. ഇതിലൂടെ ഇന്ത്യയുടെ ചരിത്രത്തെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്‌എസും ബിജെപിയും. മതാധിഷ്ഠിതമായി ഇന്ത്യയെ മാറ്റുന്നതിന്റെ തുടക്കമാണിത്.
നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ കൊലപ്പെടുത്തിയപ്പോഴും ഇന്ത്യ വിഭജന കാലത്തും ആര്‍എസ്‌എസിന്റെ നേതാവായിരുന്നു ഗോള്‍വാള്‍ക്കാര്‍. രക്തരൂക്ഷിതമായ വര്‍ഗീയ കലാപങ്ങളാണ് അന്ന് രാജ്യത്തുടനീളം ആര്‍എസ്‌എസ് നടത്തിയത്. ആര്‍എസ്‌എസിനും ബിജെപിക്കും ഇടം ലഭിക്കാത്ത കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമമാണിത്. മിസ്ലീംങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ശത്രുക്കളാണെന്ന് എഴുതിയ വ്യക്തിയാണിത്. ആധുനിക ഇന്ത്യയുടെ മനസ്സില്‍ വര്‍ഗീയതയുടെ വിത്തുപാകിയ വര്‍ഗീയവാദി. മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലെ ഒരു സ്ഥാപനത്തിന് ഹിന്ദു വര്‍ഗീയ വാദിയായ ഒരാളുടെ പേരിടുന്നത് കേരളത്തിന്റെ ബലിഷ്ഠമായ ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തെയും ജനങ്ങളെയും അപമാനിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങള്‍ക്ക് ഇടയില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.