പാലക്കാട് : വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് ആരെങ്കിലും ഒരാളെ തപ്പിപ്പിടിച്ച് സ്ഥാനാർത്ഥിയാക്കും. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചിരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.