ഗുവാഹാട്ടി : അസ്സമിലെ നാഷണൽ പാർക്കിന്റെ പേരിൽ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. രാജീവ് ഗാന്ധി ഒറാങ്ങ് നാഷണൽ പാർക്കിന്റെ പേര് ഒറാങ് നാഷണൽ പാർക്ക് എന്നാക്കി മാറ്റാനുളള തീരുമാനം അസ്സം മന്ത്രിസഭ പാസാക്കി. പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് സർക്കാർ വിശദീകരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടേയും തേയില തൊഴിലാളികളുടേയും ആവശ്യം കൂടി പരിഗണിച്ചാണ് പേര് മാറ്റിയതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ദറാങ്ങിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ തീരത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ റോയൽ ടൈഗർ എന്ന വിഭാഗത്തിലുൾപ്പെടുന്ന കടുവകളുള്ള പാർക്ക് കൂടിയാണ് രാജീവ് ഗാന്ധി നാഷണൽ പാർക്ക്. 79.28 ചതുരശ്രമീറ്റൽ വിസ്തൃതിയുള്ള പാർക്ക് 1999 ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 2001 ലാണ് തരുൺ ഗൊഗോയ് സർക്കാർ പാർക്കിനെ രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന് നാമകരണം ചെയ്തത്.
ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേരിൽ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം എന്ന പേരിലാണ് പുരസ്കാരം ഇനി മുതൽ അറിയപ്പെടുക.