കൊച്ചി : കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്ക് വീണ്ടും ഡോക്ടറേറ്റ്. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആണ് നിയമത്തില്‍ ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ആയിരുന്നു കോണ്‍വൊക്കേഷനിലെ മുഖ്യ അതിഥി. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് മുകേഷ് ഷായും, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും സന്നിഹിതരായിരുന്നു.
1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ക്കറ്റ് ഫെഡ് എം.ഡി, കാര്‍ഷികോത്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്ര ദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ല്‍ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ എന്ന യാത്രാവിവരണഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ സ്വാമി എല്‍എല്‍എം പാസ്സായ വാര്‍ത്ത ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശിയമാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്‌നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആയ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ ഉണ്ട്.