തിരുവനന്തപുരം : രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ റിട്ടേണിങ് ഓഫീസര്‍ കൂടിയായ നിയമസഭ സെക്രട്ടറിക്ക് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. കൃഷ്ണന്‍കുട്ടി, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സി.ദിവാകരന്‍ എം.എല്‍.എ. എന്നിവരും പത്രിക സമര്‍പ്പണവേളയില്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് മാത്രമേ ഹാളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.
ഇടത്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പത്രികാ സമര്‍പ്പണത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. ശക്തമായ മതേതര നിലപാട് സ്വീകരിച്ചുകൊണ്ട്, പാര്‍ലമെന്റില്‍ ലഭിക്കുന്ന അവസരത്തില്‍ പരിസ്ഥിതി വിഷയങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.