കൊച്ചി : കോതമംഗലത്ത് ഡോക്ടർ മാനസ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിക്ക് തോക്കു ലഭിക്കുന്ന സ്ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയെന്ന് പോലീസ് കണ്ടെത്തൽ. സ്വയം വെടിവച്ചു മരിച്ച പ്രതി രഖിൽ തോക്കിന് വേണ്ടി ഗൂഗിളിൽ തിരഞ്ഞതിന്റെ ഹിസ്റ്ററി പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ വ്യക്തമായത്. കേസിൽ അറസ്റ്റിലായ രഖിലിന്റെ ഉറ്റ സുഹൃത്ത് ആദിത്യന് തോക്ക് വാങ്ങലുമായി ബന്ധമില്ലെന്നാണ് ഇരുവരുടെയും വാട്സാപ് ചാറ്റ് രേഖകൾ പരിശോധിച്ചതിൽ നിന്നുള്ള വിവരം.
തോക്ക് വാങ്ങാനാണ് പോകുന്നത് എന്ന് അറിയാതെയാണ് ഇയാൾ രഖിലിനൊപ്പം യാത്ര ചെയ്തത് എന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതര സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് എന്ന പേരിലായിരുന്നു ബിഹാറിലേയ്ക്കുള്ള യാത്ര. രഖിലിന് ബിഹാറിൽ നിന്നാണ് തോക്കു ലഭിച്ചത് എന്നു കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ആദിത്യനമുമായി ബിഹാറിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ആദിത്യൻ.
രഖിലിന് തോക്ക് വിറ്റ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബിഹാറിൽ എത്തിയായിരുന്നു അറസ്റ്റ്. 35000 രൂപയ്ക്കാണ് രഖിൽ ഇവരിൽ നിന്ന് തോക്ക് വാങ്ങിയത് എന്നു കണ്ടെത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലായിരുന്ന മാനസ അകൽച്ച കാണിച്ചതാണ് രഖിലിനെ പ്രകോപിപ്പിച്ചതും വെടിവയ്പിലേയ്ക്ക് നയിച്ചതും. മാനസ താമസിച്ച കോളേജിന് സമീപത്തെ വീടിനടുത്ത് ദിവസങ്ങളോളം താമസിച്ച് നിരീക്ഷിച്ച ശേഷമാണ് രഖിൽ ക്രൂരകൃത്യത്തിന് മുതിർന്നത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.