പത്തനംതിട്ട : റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഉണ്ടായ ആഹ്‌ളാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നു പറഞ്ഞു.
കുമ്പഴ കെഎസ്ഇബിയില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് പി.ആര്‍ വാസുദേവന്‍ 16 വര്‍ഷം മുന്‍പ് മരിച്ചു. വാസുദേവന്‍ പെന്‍ഷനായി ഒരു മാസത്തിനകമായിരുന്നു മരണം. ഒരു സെന്റ് ഭൂമി സ്വന്തമായിട്ട് ഇല്ലാതെയാണ് തന്റെ ഭര്‍ത്താവ് ഈ ലോകത്ത് നിന്നും പോയത്. തനിക്കും ഈ അവസ്ഥ വരുമോ സങ്കടത്തിലായിരുന്ന രമണിക്ക് ആശ്വാസമായിരിക്കുകയാണ് ആറു സെന്റ് ഭൂമിക്ക് ലഭിച്ച പട്ടയം.
തിങ്കളാഴ്ച പകല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഈ ഭൂമിയില്‍ ഒരു തരി മണ്ണിന് താനും അവകാശിയാണ് എന്ന വലിയ ചാരിതാര്‍ഥ്യമാണ് രമണിക്കുള്ളത്.