കോട്ടയം : പാലാ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷിനെ അധിക്ഷേപിച്ചു എന്ന കേസിൽ പഞ്ചായത്തംഗങ്ങളും, കോൺഗ്രസ് നേതാക്കളും ആയ റോബി ഊടുപുഴയിൽ, മനോജ് ചീങ്കലേൽ, ആൽബിൻ ഇടമനശ്ശേരി എന്നിവർക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ നിന്ന് കൂറുമാറി ഇടതുമുന്നണിയോടൊപ്പം മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ ആക്ഷേപിച്ചു എന്ന കേസിലാണ് നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാൻ പോലീസിന് മേൽ ഇടതുമുന്നണിയുടെ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.
കേസിനെ രാഷ്ട്രീയപരമായി നേരിടുക എന്ന നിലപാടെടുത്ത കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർദേശിച്ചതനുസരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ,യൂത്ത് കോൺഗ്രസ് ലീഗൽ സെൽ ചെയർമാൻഅഡ്വക്കേറ്റ് മുരളീകൃഷ്ണ, രാമപുരം മണ്ഡലം പ്രസിഡൻറ് മോളി പീറ്റർ, നേതാക്കളായ സി റ്റി രാജൻ, തോമസ് ആർ വി ജോസ്, വിഷ്ണു തെരുവേൽ എന്നിവരോടൊപ്പമാണ് നേതാക്കൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കിടങ്ങൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ സംബന്ധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം എന്നിവർ പാലായിൽ ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തി.