കോട്ടയം : സംസ്ഥാനത്ത് നടപ്പിലാക്കിയ സിംസ് പദ്ധതിയില്‍ ഗുരുതര അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനിയാണ്. ഭരണത്തിലുള്ളവർ ഈ ബിനാമി കമ്പനിക്ക് പിന്നിലുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നഗ്നമായ അഴിമതി പോലീസും കെൽട്രോണും ഗ്യാലക്സോണും ചേര്‍ന്ന് നടത്തുകയാണ്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പോലീസ് ഹെഡ്ക്വേട്ടേഴ്സിൽ ഗാലക്സോണിന് ഓഫീസൊരുക്കിയത് സുരക്ഷാ വീഴ്ചയാണ്. പോലീസിനെ സ്വകാര്യ വൽക്കരിക്കുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
പോലീസിലെയും ആഭ്യന്തരവകുപ്പിലെയും അഴിമതി മൂടിവയ്ക്കാൻ കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതായി ചെന്നിത്തല ആരോപിച്ചു . ‘കോടിയേരി പറയുന്നത് ഏതൊരു കുറ്റവാളിയും പറയുന്ന ന്യായീകരണമാണ്. കെൽട്രോണിനെ മുൻനിർത്തിയാണ് അഴിമതി എല്ലാം നടക്കുന്നത്. ഡിജിപി നടത്തുന്ന എല്ലാ അഴിമതിക്കും ഉന്നത പിന്തുണയുണ്ട്. ആയുധ ഇടപാടിലെ അഴിമതി എൻഐഎയും സാമ്പത്തിക ഇടപാട് സിബിഐ അന്വേഷിക്കണം.
സിബിഐപോലുള്ള അന്വേഷണ ഏജന്‍സി വേണം അഴിമതിയുടെ തോത് അന്വേഷിക്കേണ്ടത്. എന്തിനാണ് ഇടതുമുന്നണി അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി അറിയാതെ അഴിമതിയൊന്നും നടക്കില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.