തിരുവനന്തപുരം : വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോൺ നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‌സുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും ഐഫോൺ നൽകിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു. ദുബൈയിൽ പോയ സമയത്ത് വില കൊടുത്ത് വാങ്ങിയ ഐഫോൺ കൈവശമുണ്ടെന്നും അതല്ലാതെ ഐഫോൺ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റാക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിൽ സിപിഐഎം സൈബർ ഗുണ്ടകൾ വേട്ടയാടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നേരത്തെ ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്. യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായാണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതിന് മറുപടിയായാണ് നിലവിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നിരിക്കുന്നത്.