പത്തനംതിട്ട : സി.പി.എം ഭയക്കുന്ന യു.ഡി.എഫ് നേതാക്കളെ എല്ലാ രീതിയിലും വേട്ടയാടുന്നത് മാർക്സിസ്റ്റ് പാർട്ടി അവരുടെ സ്ഥിരം ശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകൾ കൊണ്ടും പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങും. പിണറായി വിജയൻ കാട്ടുന്ന ഓലപ്പാമ്പ് കണ്ടു വിരളുന്നവരല്ല കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും. കെ.സുധാകരനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം വിശ്വാസയോഗ്യമല്ല – വിജിലൻസ് കേസ് അന്വേഷണം നടക്കട്ടെ, അന്വേഷണത്തിന് ആരും എതിരല്ല കെ.സുധാകരൻ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട് എന്നും രമേഷ് ചെന്നിത്തല പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ.ഡി.എഫ് സർകാരിൻ്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിൻ്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ് താന്‍. നേരിട്ട് കളത്തിലിറങ്ങി പരിക്കേൽക്കാതിരിക്കാൻ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവർ. മാന്യമായും സത്യസന്ധമായും പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ചില ഭിക്ഷാം ദേഹികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ എന്നെ ഒട്ടും തന്നെ ബാധിക്കില്ല എന്ന് സി.പി.എം മനസ്സിലാക്കണം.
കെപിസിസി പ്രസിഡന്‍റ് ശ്രീ സുധാകരനെതിരെ സി.പി.എം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിൻ്റെയും സി.പി.എമ്മിൻ്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സി.പി.എം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സി.പി.എം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സി.പി.എമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവെന്നാണ്.
മന്ത്രിമാർക്കെതിരെയും, ഉദ്യോഗസ്ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യു.ഡി.എഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സി.പി.എം വിട്ടൊഴിയണം. ആരൊക്കെ എന്തൊക്കെ പ്രചരിപ്പിച്ചാലും കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടാണ്. യു.ഡി.എഫിന്‍റെ പരാജയത്തിൽ എൽ.ഡി.എഫിന് വോട്ടു ചെയ്ത കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോൾ വിഷമത്തിലും നിരാശയിലും ആണ്.
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കോൺഗ്രസും യു.ഡി.എഫ് നേതാക്കളും തുറന്നുപറയുന്നത് നശിക്കാൻ അല്ല യു.ഡി.എഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്താനാണ് എന്നും ചെന്നിത്തല ഓർമിപ്പിച്ചു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ചെന്നിത്തല ഈ അഭിപ്രാങ്ങള്‍ പറഞ്ഞത്. ഡതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ ചെന്നിത്തല യോടൊപ്പം ഉണ്ടായിരുന്നു