തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പോള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സ്വതന്ത്ര എംഎല്‍എയുടെ ബന്ധുവും കൊടുവള്ളി നഗരസഭാ കൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡയില്‍ എടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങള്‍ സൂചന നല്‍കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്‍കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇന്നു പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്.