ഹരിപ്പാട്: എല്ലാവിധ അഴിമതികളും കൊള്ളരുതായ്മകളും കാട്ടിയശേഷം കൃത്രിമ പ്രതിഛായ സൃഷ്ടിച്ചും വോട്ടെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചും അധികാരത്തില്‍ തുടരാനുള്ള വൃഥാ ശ്രമമാണ് പിണറായി വിജയന് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓരോ നിയോജകമണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജവോട്ടര്‍മാരെയാണ് കുത്തിനിറച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വ്യക്തമായ ഗൂഡാലോചന ഈ അട്ടിമറിക്ക് പിന്നിലുണ്ട്. സിപിഎം സര്‍വീസ് സംഘടനകളുടെ പങ്ക് വ്യാജ വോട്ടര്‍മാരുടെ കാര്യത്തില്‍ വ്യക്തമാണ്. കോടികള്‍ വാരിഎറിഞ്ഞുള്ള പരസ്യപ്രളയം ഒരുവശത്ത്. വോട്ടര്‍ പട്ടിക അട്ടിമറിച്ച് വ്യജവോട്ടര്‍മാരെ തിരുകിക്കയറ്റി ജനാധിപത്യത്തെ തകിടം മറിക്കുന്നത് മറുവശത്ത്. കേരളത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വോട്ടര്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളില്‍ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുകയാണ്.
ഈ തിരിമറി തടയുന്നതിനുള്ള പ്രാഥമികമായ ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷന് ആ ബാധ്യത നിറവേറ്റി, കുറ്റമറ്റ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടു. 4,34,000 വ്യാജ വോട്ടര്‍മാരുടെ തെളിവ് കൊടുത്തിട്ടും കമ്മീഷന് കണ്ടെത്തിയത് 38,586 വ്യാജവോട്ടുകള്‍ മാത്രമാണ്. ഇതെന്ത് കാര്യക്ഷമതയാണ്? ഇങ്ങനെയാണോ കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കുന്നത്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പിടികൂടിയാലേ ഈ അട്ടിമറി തടയാന്‍ കഴിയൂ. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യിക്കാതിരിക്കാനുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. വ്യാജന്മാരെ തടയണം. തെരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളുടെ ഉത്തരവാദിത്തം നിര്വഹക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ഇരട്ട വോട്ടുണ്ടെങ്കില്‍ പരാതി നല്‍കണം. ഇത് ഏകാധിപതികളുടെ ശൈലിയാണ്. എല്ലാ ഏകാധിപതികളും അധികാരം പിടിച്ചെടുക്കുന്നത് ഇത്തരം വ്യാജപ്രതിഛായ നിര്‍മ്മിതിയിലൂടെയും ജനാധിപത്യത്തെ അട്ടിമറിച്ചുമാണ്. കോവിഡിന്റെ മറവില്‍ കള്ളത്തരങ്ങള്‍ നടന്നു. അതിനെതിരായ ജനവികാരം മറയ്ക്കാനാണ് കള്ളവോട്ട് ചേര്‍ത്തത്.
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുരുതുരെ നടന്ന അഴിമതികളെല്ലാം പുറത്തുവന്നിരിരുന്ന സമയമായിരുന്നു അത്. പുറമേ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായി മാറിയ ഞെട്ടലിലുമായിരുന്നു ജനങ്ങള്‍. കോവിഡ് രോഗികളുടെ എണ്ണം വല്ലാതെ പെരുകുകയായിരുന്നു. സര്‍ക്കാരിന് ഒന്നും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
അങ്ങനെ സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അപ്രതീക്ഷിത വിജയം നേടിയത്. ആ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കള്ളവോട്ടുകളാണ്. ഓരോ വാര്‍ഡിലെയും ജനഹിതത്തെ അട്ടിമറിക്കാന്‍ പോന്നവിധം കള്ളവോട്ട് സൃഷ്ടിക്കപ്പെട്ടിരുന്നു. അതിന്റെ ബലത്തിലാണ് തെരഞ്ഞെടുപ്പ് വിജയം ഇടതുമുന്നണി നേടിയത്.
ഇതിനെത്തുടര്‍ന്നാണ് സ്പ്രിംഗ്ളര്‍ പോലുള്ള അന്താരാഷ്ട പിആര്‍ കമ്പിനികളുടെ സഹായത്തില്‍ പിണറായി സര്‍ക്കാര്‍ വന്‍ പ്രതിഛായ നിര്‍മ്മിതി ആരംഭിച്ചത്. സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ചും അഴിമിതയിലൂടെ സമ്പാദിച്ച കള്ളപ്പണമൊഴുക്കിയുമാണ് ആ പ്രക്രിയ നടത്തിയത്.
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ കേരളീയരെയും മത്സ്യത്തൊഴിലാളികളെയും വഞ്ചിക്കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരക്കുന്നത്. ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പിനിയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള കരാര്‍ റദ്ദാക്കാതെ അത് റദ്ദാക്കിയെന്ന സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കിയത് എന്തിനാണ്.
ഇത്രയും പൊതുജനരോഷമുണ്ടായിട്ടും കരാര്‍ റദ്ദാക്കാതെ ഒളിപ്പിച്ച് വെച്ചശേഷം റദ്ദാക്കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്. ഉത്തരം ഒന്നേയുള്ളു. വീണ്ടും അധികാരത്തില്‍ വന്നാല്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി തന്നെയാണിത്. വന്‍തോതില്‍ കോഴ കൈമറിഞ്ഞ ഇടപാടാണിത്. സര്‍ക്കാരിന് അത്ര എളുപ്പം അത് ഉപേക്ഷിക്കാന്‍ കഴിയില്ല. എംഒയു റദ്ദാക്കാന്‍ ഉത്തരവ് ഇന്നിറങ്ങണം.
ഇപ്പോഴും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു. റദ്ദാക്കാനുള്ള നോട്ട് കാണിച്ച് മത്സ്യത്തൊഴിലാളികളെ പറ്റിക്കരുത്. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞത് കള്ളമാണ്. അസന്റില്‍ ഒപ്പിട്ട ധാരണാപത്രം നിലനില്‍ക്കുകയാണ്.
എന്തു വികസനമാണ് സര്‍ക്കാര്‍ നടത്തിയത്, അത് വ്യക്തമാക്കിയിട്ട് വേണം മുഖ്യമന്ത്രി വെല്ലുവിളിക്കാന്‍. വാചകമടി വ്യവസായം അല്ലാതെ എന്താണ് കേരളത്തില്‍ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കണ്ടെത്തിയതാണ് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ കാരണം. ഗൂഡാലോചനയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കും.
പിണറായി വെറും ഭീരുവാണ്. ഭയമുള്ളതുകൊണ്ടാണ് ബോംബ് എന്നൊക്കെ പറയുന്നതെന്നും ഊതിപ്പെരുക്കിയുണ്ടാക്കിയ ആ ബലൂണുകളെല്ലാം ഇപ്പോള്‍ പൊട്ടിയിരിക്കുകയാണ്. ഇത്തവണ കള്ളവോട്ട് തടയാന്‍ പോവുകയാണ്. യഥാര്‍ഥ ജനവിധി ഇത്തവണ ഉണ്ടാവും. അതാണ് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും വിറളി പിടിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഹരിപ്പാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.