ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രധാന സൂചനകൾ ലഭിച്ചു. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതൊടെ ഇയാളെ തേടി വിവിധ സ്ഥലങ്ങളിൽ എൻഐഎ സംഘം
പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചനകൾ ലഭിക്കുന്നത്.
പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം വൈകുന്നേരത്തോടെ ബെല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. അവിടെ നിന്ന് ഒരു ഓട്ടോ വാടകയ്‌ക്ക് എടുത്താണ് ഇയാൾ നഗരത്തിലേക്ക് പോയത്. കൂടാതെ രണ്ട് പേരുമായി ഇയാൾ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും തന്നെ വ്യക്തമാണ്.