റാന്നി: റാന്നി ഉപജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോക്‌സോ നിയമബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള ഉപജില്ലാതല പരിശീലനം റാന്നി ബി.ആര്‍.സിയില്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും ചൂഷണരഹിതമായ ഒരു സാമൂഹ്യാന്തരീക്ഷം രൂപപ്പെടുന്നതിനും പൊതുവിദ്യാലയങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖ സംബന്ധിച്ചും, നിയമത്തെക്കുറിച്ച് കുട്ടികളെയും അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും ബോധവല്‍ക്കരിക്കുന്നതിനുമുള്ള നടപടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനം റാന്നി-പഴവങ്ങാടി പഞ്ചായത്ത് അധ്യക്ഷ അനിത അനില്‍ കുമാര്‍ നിര്‍വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന സീനിയര്‍ സൂപ്രണ്ട് സി.കെ മനോജ് അധ്യക്ഷത വഹിച്ചു. റാന്നി ഡി വൈ എസ് പി ആര്‍ ബിനു വിശിഷ്ടാതിഥിയായി. ബി പി സി ഷാജി എ സലാം, ശശികല എന്നിവര്‍ പ്രസംഗിച്ചു. ഡി. ആര്‍.ജി അംഗങ്ങളും ഹയര്‍സെക്കന്‍ഡറി അധ്യാപകരുമായ ശശികല, ബിന്‍സി തോമസ്, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ് അനിത, അഡ്വ. ലളിതാമണി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ച് ഒരു ദിവസം നീണ്ടുനിന്ന പരിശീലനം നല്‍കിയിരുന്നു.