റാന്നി: എല്ലാവരുടെയും സർവോത്മുഖമായ ഉയർച്ച മുൻനിർത്തി സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സിയുടെ ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികളുടെയും കുടുംബത്തിന്റെയും ഒത്തുചേരൽ ‘ഹൃദയ സംഗമം’ നടത്തി. സംഗമത്തിൽ ഭിന്നശേഷിക്കാരായ മറ്റ് കുട്ടികളും പഴവങ്ങാടി ഗവ.യു.പി. സ്കൂളും പങ്കെടുത്തു. റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി.
റാന്നി ബിആർസിയുടെ പ്രവർത്തനങ്ങൾക്ക് സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ അനിത അനികുമാർ, കെ ആർ പ്രകാശ്, വൈസ് പ്രസിഡണ്ടുമാരായ പി എസ് സതീഷ് കുമാർ, ജോൺ എബ്രഹാം, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ലെജു പി തോമസ്, വാർഡംഗം ബിനിറ്റ് മാത്യു, സെന്റ് തോമസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റർ രഞ്ജു ജോസഫ്, എച്ച് എം ഫോറം കൺവീനർ ഷാജി തോമസ്, ഹൈസ്കൂൾ പ്രഥമ അധ്യാപക പ്രതിനിധി ബിജി കെ. നായർ, ബി പിസി ഷാജി എ.സലാം, ട്രെയിനർ എസ്. അബ്ദുൽ ജലീൽ, രക്ഷകർത്തൃ പ്രതിനിധി റെജീന ബീഗം, സ്പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ മോൾ ജോസഫ് (സെക്കൻഡറി ) സീമ എസ് പിള്ള (എലമെന്ററി) എന്നിവർ പ്രസംഗിച്ചു.
സബ്ജില്ല കലോത്സവം, ശാസ്ത്രമേള സമ്മാന ജേതാക്കളെയും ഹോർട്ടികൾച്ചറൽ തെറാപ്പിയുടെ ഭാഗമായി നടത്തുന്ന ജൈവസൗഖ്യയിലൂടെ പഞ്ചായത്തുകളുടെ കുട്ടി കർഷക അവാർഡ് നേടിയവർക്കുള്ള ഉപഹാരവും കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങളും പ്രൊഫ. ഗോപിനാഥ് മുതുകാട് വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഉച്ചക്ക് ശേഷം റാന്നി ബി.ആർ.സി മ്യൂസിക് ബാന്റിന്റെ കരോക്കേ ഗാനമേള നടന്നു. പരിപാടിക്ക് റാന്നി ബി ആർ സി യിലെ ബിപിസി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സർക്ക്,മറ്റ് അംഗങ്ങളും നേതൃത്വം നൽകി.