ചൂടും മഴയും മാറി തണുപ്പുള്ള പുലരികളെ സ്വാഗതം ചെയ്യാനായി നവംബർ മാസം ഇതാ അടുത്തെത്തി. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഇനി യാത്രകൾക്ക് പറ്റിയ സമയമാണ്. പ്രസന്നമായ കാലാവസ്ഥയും തണുപ്പും മാത്രമല്ല ക്ഷീണം തോന്നിപ്പിക്കാത്ത അന്തരീക്ഷവും ചേരുമ്പോള്‍ പിന്നെ മനസ്സിൽ കൊതിച്ച യാത്രകളിലേക്ക് ബാഗും പാക്ക് ചെയ്തിറങ്ങാൻ അധികം മടിക്കേണ്ട ആവശ്യമില്ല. നവംബർ തുടക്കം മുതൽ തന്നെ കേരളത്തിലെ കിടിലൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അടിപൊളി യാത്രകളാണ് കണ്ണൂരിൽ നിന്നും ഡബിൾ ബെല്ലടിച്ച് പുറപ്പെടുന്നത്. ഇതാ കണ്ണൂർ കെഎസ്ആർടിസിയിടുടെ നവംബർ മാസ ബജറ്റ് യാത്രകൾ പരിചയപ്പെടാം.
1. പൈതൽമല
കണ്ണൂരുകാരുടെ മൂന്നാർ എന്നു സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുന്ന പൈതൽമല ഒരിക്കലെങ്കിലും കയറി ചെല്ലേണ്ട ഒരു സ്വർഗ്ഗമാണ്. കോടമഞ്ഞും കുളിരും നിറഞ്ഞു നിൽക്കുന്ന ഇവിടം കണ്ണൂരിലെ ഏറ്റവും ജനപ്രിയ ട്രെക്കിങ് ഇടം കൂടിയാണ്. ബസുകൾ വളരെ കുറവായ ഇവിടേക്ക് എത്തിച്ചേരുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു പ്രശ്നം തന്നെയാണ്. എന്നാൽ കണ്ണൂർ കെഎസ്ആർടിസിയുടെ കൂടെ പൈതൽമല പ്ലാൻ ചെയ്താൽ ഇതൊരു പ്രശ്നമേ അല്ല. കണ്ണൂരിൽ നിന്നും നവംബർ 5,19 ഞായറാഴ്ചകളിൽ കെഎസ്ആർടിസി പൈതൽ മലയിലേക്ക് യാത്ര നടത്തുന്നു. രാവിലെ 6.30ന് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ പൈതൽ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയുള്ള പൈതൽമല പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
2. വയനാട് ഏകദിന പാക്കേജ്
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന കണ്ണൂർ-വയനാട് ഏകദിന യാത്ര നവംബര്‍ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും കണ്ണൂർ ഡിപ്പോയില്‍ നിന്ന് പുറപ്പെടും. തുഷാരഗിരി വെള്ളച്ചാട്ടം, ഹണി മ്യൂസിയം, എൻ ഊര് ഗോത്രപൈതൃക ഗ്രാമം, പൂക്കോട് തടാകം എന്നിവയാണ് ഈ യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. രാവിലെ 6.00 ന് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാത്രി 11.00 മണിയോടെ തിരികെയെത്തും. പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയുള്ള വയനാട് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
3. വാഗമണ്‍ മൂന്നാർ പാക്കേജ്
കേരളത്തിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന വാഗമണ്ണും മൂന്നാറും ഉൾപ്പെടുത്തി ഒരു നീണ്ട യാത്രയും കണ്ണൂർ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം രണ്ട് യാത്രകളാണ് ഈ പാക്കേജിൽ ഉള്ളത്. നവംബർ 10,24 എന്നീ വെള്ളിയാഴ്ചകളിൽ വൈകിട്ട് അഞ്ച് മണിയോടെ പുറപ്പെടുന്ന യാത്ര വാഗമണ്ണിലെയും മൂന്നാറിലെയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ക്യാംപ് ഫയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യാം. തിരികെ തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയുള്ള വാഗമണ്‍ മൂന്നാർ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
4. ഗവി, കുമളി, കമ്പം പാക്കേജ്
കണ്ണൂരിൽ ഏറ്റവും ആവശ്യക്കാരുള്ള യാത്രകളിൽ ഒന്നാണ് ഗവിയിലേക്കുള്ള യാത്ര. നവംബറിൽ രണ്ട് പാക്കേജുകളാണ് ഗവിയിലേക്കുള്ളത്. ഗവി, കുമളി, കമ്പംമേട് എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. നവംബർ 10,24 എന്നീ വെള്ളിയാഴ്ചകളിൽ വൈകിട്ട് 5.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.00 മണിയോടെ എത്തിച്ചേരുന്ന ഗവി പാക്കേജ് പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്.
5റാണിപുരം- ബേക്കൽ കോട്ട പാക്കേജ്
കാസർകോഡുകാരുടെ മിനി ഊട്ടിയാണ് റാണിപുരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും നിരവധി സഞ്ചാരികൾ ദിവസവും എത്തിച്ചേരുന്ന ഇവിടം മനോഹരമായ കാലാവസ്ഥയ്ക്കും കോടമഞ്ഞു മൂടിക്കിടക്കുന്ന കാഴ്ചകൾക്കും പ്രസിദ്ധമാണ്. കണ്ണൂരിൽ നിന്ന് നവംബർ 12 ഞായറാഴ്ച നടത്തുന്ന റാണിപുരം- ബേക്കൽ കോട്ട യാത്ര രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 9 മണിയോടെ മടങ്ങിയെത്തും. പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയുള്ള റാണിപുരം- ബേക്കൽ കോട്ട പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.