റാന്നി: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ ശബ്ദ കലാകാരന്‍ മരിച്ചു. റാന്നിയില്‍ സൗണ്ട് സിസ്റ്റം നടത്തി വന്ന കരികുളം ചരുവില്‍ സി.ഐ മാത്യു (ലാല്‍ വിളംമ്പരം-55) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലാലിന് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ അപകടം സംഭവിച്ചത്. മറ്റൊരാള്‍ ഓടിച്ച ഇരുചക്ര വാഹനത്തിന് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യവെ ടയര്‍ പഞ്ചറായി വാഹനം മറിഞ്ഞാണ് പരിക്കേറ്റത്. മരണവീട്ടില്‍ സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ ലാല്‍ മറന്നു പോയ കേബിള്‍ എടുക്കുന്നതിനായി തന്‍റെ സ്ഥാപനത്തിലേക്ക് പോകവെ ആയിരുന്നു അപകടം. ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരം ആയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തലയ്ക്ക് രണ്ട് അടിയന്തിര ശസ്തക്രിയ ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്‍റെ സ്വതസിദ്ധമായ ശബ്ദം കൊണ്ട് ഏവരേയും അമ്പരിപ്പിച്ച അനൗണ്‍സര്‍ ആയിരുന്നു ലാല്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റാന്നിയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം മന്ദമരുതിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലൈറ്റ് ആന്‍ഡ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ റാന്നി മേഖലാ സെക്രട്ടറി, റാന്നി ഫാസ് എക്സിക്യൂട്ടീവംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്ക്കാരം ഞായര്‍ മൂന്നിന് പള്ളിഭാഗം ന്യൂ ഇന്‍ഡ്യ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. ഭാര്യ: അനിതാ മാത്യു. മക്കള്‍: ലീനാ മാത്യു, അന്‍ജു മാത്യു. മരുമകന്‍: വിനീഷ്, ഏലിയാസ് സാബു.