റോത്തക് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ഹരിയാന മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തെങ്കിലും തുടര്‍ന്ന് ബാറ്റുചെയ്ത ഹരിയാണയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. സ്‌കോര്‍: കേരളം-291 & 125/2 (ഡിക്ലയര്‍), ഹരിയാന (164 & 52/2. 49 റണ്‍സ് വഴങ്ങി പത്തുവിക്കറ്റുകള്‍ പിഴുത അന്‍ഷുല്‍ കാംബോജ് ആണ് മത്സരത്തിലെ താരം. മൂന്നാംദിനം ഏഴിന് 139 റണ്‍സെന്ന നിലയിലായിരുന്ന ഹരിയാണയ്ക്ക് അവസാനദിനം 25 റണ്‍സ്‌കൂടിയേ ചേര്‍ക്കാനായുള്ളൂ. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം 31 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (62*), സച്ചിന്‍ ബേബിയും (42) മികച്ച പ്രകടനം നടത്തി. സച്ചിന്റെയും അക്ഷയ് ചന്ദ്രന്റെയും (2) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും (16) ആയിരുന്നു ഡിക്ലയര്‍ സമയത്ത് ക്രീസില്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാണ 18 ഓവറില്‍ 52-ന് രണ്ട് എന്ന നിലയില്‍ നില്‍ക്കേ മത്സരം അവസാനിച്ചു. യുവരാജ് സിങ് (22), ക്യാപ്റ്റന്‍ അങ്കിത് കുമാര്‍ (19*) എന്നിവര്‍ രണ്ടക്കം കടന്നു. ലക്ഷയ് ദലാല്‍, യുവരാജ് എന്നിവര്‍ പുറത്തായി.
നേരത്തേ രോഹന്‍ കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി ബലത്തിലാണ് കേരളത്തിന് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായത്. ഇന്നിങ്‌സിലെ കേരളത്തിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് അന്‍ഷുല്‍ കാംബോജ് ആണ്. 30.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് നേട്ടം. ഒന്‍പത് മെയ്ഡന്‍ ഓവറുകളുമുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഹരിയാണ 164 റണ്‍സിലൊതുങ്ങി. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ ബേസില്‍ തമ്പിയും എം.ഡി. നിധീഷുമാണ് ഹരിയാണയെ തകര്‍ത്തത്. നെടുമങ്കുഴി ബാസില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.