തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-മധ്യപ്രദേശ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന നിലയിലായിരുന്നു. ഇതോടെ സമനിലയോടെ കേരളം രക്ഷപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ 47-ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ആദിത്യ സര്‍വതെയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് തോല്‍ക്കാതെ രക്ഷപ്പെടുത്തിയത്. എട്ടാംവിക്കറ്റില്‍ ബാബ അപരാജിതും മധ്യപ്രദേശ് വിജയത്തിന് തടയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ 47-ന് അഞ്ച് എന്ന നിലയില്‍ തകര്‍ച്ച അഭിമുഖീകരിച്ചിരുന്നു കേരളം. ആറാം വിക്കറ്റില്‍ ജലജ് സക്‌സേനയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നു നടത്തിയ 74 റണ്‍സ് കൂട്ടുകെട്ടാണ് അപകടമൊഴിവാക്കിയത്. പിന്നീട് അസ്ഹറുദ്ദീനും ആദിത്യ സര്‍വതെയും ചേര്‍ന്ന് 90 റണ്‍സ് കൂട്ടുകെട്ട് നേടിയതും കേരളത്തിന് രക്ഷയായി. എട്ടുവിക്കറ്റിനുശേഷം സര്‍വതെയ്‌ക്കൊപ്പം അപരാജിത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ചതോടെ (പാര്‍ട്ട്ണര്‍ഷിപ്പ്-37) കേരളം സമനില നേടി.
ആദ്യ ഇന്നിങ്‌സില്‍ മധ്യപ്രദേശിനെ 160 റണ്‍സിലൊതുക്കിയ കേരളം മറുപടിയായി 167 റണ്‍സ് നേടി. ഏഴുറണ്‍സിന്റെ ലീഡ്. പക്ഷേ, രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. രജത് പാട്ടിദറും (92) വെങ്കടേഷ് അയ്യരും (80) ക്യാപ്റ്റന്‍ ശുഭം ശര്‍മയും (54*) ഫോമായതിനെ പ്രതിയാണ് മധ്യപ്രദേശ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം എട്ടിന് 268 എന്ന നിലയിലെത്തിയപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു.