റാന്നി : അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്നു. പേട്ട മുതല്‍ മേനാതോട്ടം വരെയുള്ള റോഡിലെ 50 വര്‍ഷം പഴക്കമുള്ള പഴയ ആസ്ബറ്റോസ് പൈപ്പുകള്‍ മാറ്റി പുതിയ ഡി ഐ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുമതിയായതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. പൈപ്പിടില്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി 23 ലക്ഷം രൂപയാണ് കേരള വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കെട്ടിവെച്ചത്.
നേരത്തെ അങ്ങാടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ മാറ്റുവാന്‍ 6.25 കോടി രൂപ അനുവദിച്ചിരുന്നു. ചെട്ടിമുക്ക് മുതല്‍ എബനേസര്‍ ടാങ്ക് വരെയുള്ള പൈപ്പുകള്‍ ആദ്യഘട്ടത്തില്‍ റാന്നി വലിയ കാവ് റോഡില്‍ ഇടുകയുണ്ടായി. ചെട്ടിമുക്ക്-കണ്ടന്‍ പേരൂര്‍-കരിങ്കുറ്റി വരെ പുതിയ ഡിഐ പൈപ്പും മറുവശത്ത് വിതരണത്തിനുളള ഡിസ്ട്രിബൂഷന്‍ പിവിസി പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം എംഎല്‍എയെ കൂടി പങ്കെടുപ്പിച്ച് കിഫ്ബി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. ഇവിടെ പൈപ്പ് ഇടല്‍ പൂര്‍ത്തിയായി വരുന്നു.
എന്നാല്‍ പിജെടി മുതല്‍ മേനാതോട്ടം വരെയുള്ള പൈപ്പ് ഇടേണ്ട വെണ്ണികുളം-റാന്നി റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തിയിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം 10 ശതമാനം ഡിപ്പോസിറ്റ് കെട്ടിവെച്ചാല്‍ മാത്രമേ വാട്ടര്‍ അതോറിറ്റിക്ക് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയു. എംഎല്‍എയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജലവിഭവമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഫണ്ട് വാട്ടര്‍ അതോരിറ്റി പിഡബ്ല്യുഡിക്ക് കെട്ടിവെച്ചതും ഇപ്പോള്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞതും. ഒരാഴ്ചക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ അങ്ങാടി കുടിവെള്ള പദ്ധതിയില്‍ പഴയ പൈപ്പുകള്‍ നിരന്തരമായി പൊട്ടുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.