റാന്നി : വനം ഡിവിഷനിലെ 1536.82 ഹെക്‌ടര്‍ ആരബിള്‍ ലാന്‍ഡായ കൃഷിഭൂമി വന ഭൂമിയാക്കി മാറ്റി ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് വനംവകുപ്പ്. മുന്‍പ് റിസര്‍വ്വ് വനത്തിന്റെ ഭാഗമായിരുന്നു ആരബിള്‍ ലാന്‍ഡ്.
1970 ലെ ആരബിള്‍ ഫോറസ്‌റ്റ് ലാന്‍ഡ് അസസ്‌മെന്റ് റൂള്‍ പ്രകാരം പട്ടയം നല്‍കി കൃഷിഭൂമിയാക്കി മാറ്റി. മേല്‍ ചട്ടങ്ങളും പട്ടയത്തിന്റെ നിബന്ധനകളും പ്രകാരം ഇത്തരം ഭൂമികളില്‍ കര്‍ഷകര്‍ വീട് വെച്ച് താമസിക്കുകയും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയും ചെയ്‌തിരുന്നു. ഈ പട്ടയഭൂമികളില്‍ ഇതുവരെ ചെയ്‌തു വന്നിരുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും തുടര്‍ന്നും നിര്‍വ്വഹിക്കാം. ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു തടസവാദങ്ങളും ഉണ്ടായിട്ടില്ല.
റാന്നി വനം ഡിവിഷനില്‍ ഷേത്തയ്‌ക്കല്‍ റിസര്‍വ്വ് വനത്തില്‍ പതിച്ചു നല്‍കാത്തതായ 4.3440 ഹെക്‌ടര്‍ നിബിഢ വനത്തിലെ സ്വാഭാവിക വന വൃക്ഷങ്ങള്‍ പൂര്‍ണമായും വെട്ടി നീക്കിയശേഷം ഇവിടെ പാറഖനനം നടത്താനുള്ള ശ്രമം ഉണ്ടായിരുന്നു. നിയമ വിരുദ്ധമായഈ പ്രവൃത്തി തടഞ്ഞതിലും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടികളെടുത്തു വരുന്നതിലും തല്‍പരകക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വനംവകുപ്പിന്റെ പി.ആര്‍.ഓ ഡോ. അഞ്ചല്‍ കൃഷ്‌ണകുമാര്‍ പറഞ്ഞു.
നിയമപ്രകാരം വനംവകുപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി തടസപ്പെടുത്താനുള്ള ശ്രമമാവാം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ആധാരമെന്നും ആരബിള്‍ ലാന്‍ഡിലെ കര്‍ഷകര്‍ക്ക് ആശങ്കപ്പെടേണ്ട യാതൊരുവിധ സാഹചര്യങ്ങളും ഇല്ലെന്നും വനം വകുപ്പ് മേധാവി വ്യക്‌തമാക്കി.