റാന്നി: അക്കാദമിക മികവുകളുടെ നേർകാഴ്ചയൊരുക്കി റാന്നി ബ്ലോക്ക് തല പഠനോത്സവം ശ്രദ്ധേയമായി. പുതുശ്ശേരിമല ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി റാന്നി മുന്‍ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിപിസി ഷാജി എ സലാം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, പഠനോത്സവം വിശദീകരണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജിമോൻ, എസ് എം സി ചെയർപേഴ്സൺ എം സജിനി, പ്രഥമധ്യാപിക എ.ആര്‍ ഷീജ, സിആർസി കോഓർഡിനേറ്റർ അനുഷ ശശി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വി.ആര്‍ വിഞ്ചു, സ്വാഗതസംഘം കൺവീനർ വി.ജി മഞ്ജു, അധ്യാപകനായ ജോബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. വി.ജി രാജശ്രീ വിദ്യാലയ മികവുകളെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തി. വിവിധ ക്ലാസുകളും വിഷയങ്ങളുമായി പ്രത്യേക സ്റ്റാളുകളിൽ പഠനോൽപന്നങ്ങൾ പ്രദർശിപ്പിച്ചു.
പ്രവർത്തിപരിചയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിർമ്മിച്ച മാലകൾ, ലിക്വിഡ് സോപ്പുകൾ, പേഴ്സുകൾ, ഹെയ ർബാൻഡുകൾ, ബോട്ടിൽ വർക്കുകൾ തുടങ്ങിയവ പൊതുജനങ്ങൾ കുട്ടികളിൽ നിന്നും വിലയ്ക്കുവാങ്ങി. വിവിധ ക്ലാസുകളുടെ സർഗ്ഗ രചനകളുടെ വിശേഷാൽ പതിപ്പുകളും ഒന്ന്, രണ്ട് ക്ലാസുകളുടെ പത്രങ്ങൾ എന്നിവ എ.ഇ.ഓ പ്രീതി ജോസഫ്, ബി പി സി ഷാജി എ സലാം എന്നിവർ പ്രകാശനം ചെയ്തു. സംഘാടകസമിതിയുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും സഹായങ്ങളും കുട്ടികളുടെ പ്രദർശനങ്ങളും പ്രകടനങ്ങളും മികവുള്ളതാക്കാൻ സഹായിച്ചു. എം ടി അനുസ്മരണവുമായി ബന്ധപ്പെട്ടു ബി ആർ സി യുടെ നേതൃത്വത്തിൽ ബിഗ് ക്യാൻവാസ് തയ്യാറാക്കിയിരുന്നു.