റാന്നി : കുട്ടികളുടെ അവധിക്കാല സന്തോഷങ്ങൾക്കായി രക്ഷിതാക്കളെ തയ്യാറാക്കാൻ പ്രത്യേക പരിപാടിയുമായി റാന്നി ബി.ആർ സി. ഔവർ റെസ്പോൺസിബിലിറ്റി റ്റു സ്റ്റുഡൻസ് (ഒ. ആർ. എസ്) എന്ന പരിപാടിയുടെ ഉപജില്ലാ തല ഉദ്ഘാടനം റാന്നി എ. ഇ. ഒ പ്രീതി ജോസഫ് പഴവങ്ങാടി സി.എം.എസ് എൽ. പി. സ്കൂളിൽ നിർവഹിച്ചു. പി.റ്റി. പ്രസിഡൻ്റ് ഷാജി കരികുളം അധ്യക്ഷത വഹിച്ചു. ഐ.സി .ഡി എസ് സൂപ്പർവൈസർ എസ്.രേണു മുഖ്യപ്രഭാഷണം നടത്തി. റാന്നി ബി.പി.സി ഷാജി എ. സലാം ക്ലാസ്സെടുത്തു. പ്രഥമാധ്യാപിക ബെൻസി ജോസഫ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്. ദീപ്തി, സ്പെഷ്യൽ എഡ്യുക്കേറ്റർ ആർ. രാജശ്രീ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ നാടൻ പാനീയങ്ങൾ പരസ്പരം പങ്ക് വെച്ചത് രക്ഷിതാക്കൾക്ക് നവ്യാനുഭവമായി. വ്യത്യസ്തങ്ങളായ 48 നാടൻ പാനീയങ്ങൾ അധ്യാപകരും രക്ഷിതാക്കളും ബി.ആർ.സി അംഗങ്ങളും ചേർന്ന് നിർമിച്ചു പങ്കവെച്ചു. കുട്ടികൾ സന്തോഷവാന്മാർ ആകണമെങ്കിൽ രക്ഷിതാക്കളും ഹാപ്പിയാകണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകുന്നത്. രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസ പരിപാടിയോടൊപ്പം വിനോദ പരിപാടികളും കുട്ടികൾക്കായുള്ള നാടൻ കളികളും കളിപ്പാട്ട നിർമാണവും ഒ.ആർ.എസ് പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.