റാന്നി : ബസ് സ്റ്റാൻഡിന്റെ പരിസരത്തെ ടോയ്‌ലറ്റുകൾ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. റാന്നി പഞ്ചായത്ത് അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ പഞ്ചായത്ത് അധികൃതർ ഇത് ചെവി കൊള്ളുന്നില്ല എന്ന പരാതിയും ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ജില്ലയിലെങ്ങും ഇ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. റാന്നിയിൽ പെരുമ്പുഴ ബസ് സ്റ്റാൻഡിലും അങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും 2 വീതവും മഠത്തുംമൂഴി വലിയപാലം, വടശേരിക്കര എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് സ്ഥാപിച്ചത്. പെരുമ്പുഴയിലേത് പത്തോളം ദിവസമാണ് പ്രവർത്തിച്ചത്. അങ്ങാടിയിലേത് തുടക്കത്തിൽ കുഴപ്പമില്ലായിരുന്നു. പിന്നീട് പ്രവർത്തനം നിലച്ചു. മഠത്തുംമൂഴിയിലും വടശേരിക്കരയും ഇതേ സ്ഥിതിയായിരുന്നു.
ഓട നിർമാണത്തിനിടെ മഠത്തുംമൂഴിയിലേത് മണ്ണുമാന്തി ഉപയോഗിച്ചു പൊളിച്ചടുക്കിയിരുന്നു. പഞ്ചായത്ത് ഓഫിസിന് കെട്ടിടം പണിതപ്പോൾ അങ്ങാടിയിലേതും എടുത്തു കളഞ്ഞു. പെരുമ്പുഴ ബസ് സ്റ്റാൻഡിലെ ഇ ടോയ്‌ലറ്റുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിനു കത്ത് നൽകിയിരുന്നു. നിലവിലെ ഭരണസമിതിയും ആവശ്യം ഉന്നയിച്ചതാണ് എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ജില്ലാ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.