റാന്നി : റാന്നി പുതിയ പാലം വരുന്നതോടെ റോഡ് വികസനം വഴിമുട്ടി റോഡ് തോടായി മാറി. സമാന്തര വൺവേ റോഡായി നിര്‍മ്മിക്കുമ്പോള്‍ സൗകര്യങ്ങള്‍ മികച്ചതായി കാണാൻ കാത്തിരുന്ന നാട്ടുകാർ കാണുന്ന കാഴ്ച ഇതാണ്. റാന്നി പുതിയ പാലത്തിന്റെ ഭാഗമായി വണ്‍വെ നടപ്പിലാക്കാനായി തിരഞ്ഞെടുത്ത അപ്രോച്ച് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. മരാമത്ത് വകുപ്പ് സ്ഥലം വീതികൂട്ടി അളന്ന് കല്ലിട്ട് പോയിട്ട് വർഷം രണ്ടു കഴിഞ്ഞു.
മുൻപ് പഞ്ചായത്ത് റോഡായിരുന്ന പെരുമ്പുഴ-ബ്ലോക്കുപടി റോഡാണ് ടാറിംങ്ങും കോൺക്രീറ്റുമിളകി കുഴികൾ രൂപപ്പെട്ടത്. പെരുമ്പുഴ, രാമപുരം, ബ്ലോക്കുപടി വൺവേ റോഡാണ് തോടിന്റെ രൂപത്തിലായത്. റാന്നി പഞ്ചായത്തിന്റെ അധീനതയുള്ള റോഡാണ് പെരുമ്പുഴ മുതൽ ബ്ലോക്കുപടി വരെ തകർന്നത്. വൺവേക്ക് വേണ്ടി മൂന്ന് വർഷം മുൻപ് മുതൽ നടപടി തുടങ്ങിയതു കാരണം പഞ്ചായത്ത് ഈ റോഡ് കൈയ്യൊഴിഞ്ഞു.
രാമപുരം മുതൽ ബ്ലോക്ക് പടിവരെ, പഞ്ചായത്ത് ടാറിംങ്ങും കോൺക്രീറ്റും ചെയ്ത് ഗതാഗതത്തിന് സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോൾ ഇത് ടാറിംങ്ങും കോൺക്രീറ്റും ഇളകി താറുമാറായി കിടക്കുകയാണ്. റവന്യൂ വകുപ്പ് അളന്ന് കുറ്റി നാട്ടിയ ഭാഗം ഇറക്കി വേലി കെട്ടി കയ്യേറിയിട്ടുമുണ്ട്. ബ്ലോക്ക് പടി ജംഗ്ഷനിൽ റോഡിന്റെ സംഗമ സ്ഥാനത്തു നിന്ന് അകത്തേക്ക് മാറി കുരുശിന് സമീപത്താണ് കൈയ്യേറ്റം.
സമീപവാസി റവന്യൂ വകുപ്പ് അളന്ന് തിരിച്ച സ്ഥലം കമ്പി വേലികെട്ടി തിരിച്ചെടുത്തു. പുതിയ പാലം വരുന്നതോടെ ടൗണിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ സമാന്തരമായി വികസിപ്പിക്കാന്‍ തീരുമാനിച്ച റോഡാണിത്. ഇതിനായി ബ്ലോക്കുപടി മുതല്‍ രാമപുരം വരെ 10 മീറ്റര്‍ വീതിയില്‍ റോഡിനായി സ്ഥലം അളന്നു തിരിച്ചിരുന്നു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ നടപടികള്‍ ഇനിയും തീരുവാനുണ്ട്.