പത്തനംതിട്ട : റാന്നി നോളജ് അസംബ്ലിയുടെ ഉദ്ഘാടനം 20ന് രാവിലെ ഒന്‍പതിന് വളയനാട്ട് ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഡിഡിഇ ഇന്‍ ചാര്‍ജ് രേണുക ഭായി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്‌കൂള്‍ വിദ്യാഭ്യാസം മികവാര്‍ന്നതാക്കാന്‍ സഹായകരമാകുന്ന ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന നോളജ് അസംബ്ലിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന സ്ഥാപനങ്ങള്‍ ആക്കുക, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി മത്സരാധിഷ്ഠിത ലോകത്തില്‍ മുന്‍പന്തിയില്‍ എത്തുന്നതിന് യുവജന സമൂഹത്തെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് നോളജ് വില്ലേജിലൂടെ ഉദ്ദേശിക്കുന്നത്.
നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലായി 250 അങ്കണവാടികളും 175 വിദ്യാലയങ്ങളും എട്ട് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക് കൗണ്‍സിലും അങ്കണവാടി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അക്കാദമിക് കൗണ്‍സിലും ഇതിനായി രൂപീകരിച്ചു. ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാംസ്‌കാരിക നായകര്‍, സന്നദ്ധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.