പത്തനംതിട്ട : പുതമൺ പാലം വഴി ബസുകൾ ഓടിത്തുടങ്ങിയതോടെ റാന്നി – കോഴഞ്ചേരി യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവായി. 2023 ജനുവരിയിൽ പാലത്തിന് തകർച്ച കണ്ടതോടെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുതുതായി നിർമിച്ച താത്ക്കാലിക പാലം തുറന്നതോടെയാണ് ഓടിത്തുടങ്ങിയത്. ഇതോടെ കഴിഞ്ഞ ഒരു വർഷക്കാലമായി യാത്രക്കാരും നാട്ടുകാരും അനുഭവിച്ചിരുന്ന ക്ലേശത്തിന് താത്ക്കാലിക പരിഹാരമായി. പാലം തകർച്ചയിലായതോടെ റാന്നി – കോഴഞ്ചേരി റൂട്ടിൽ വഴക്കുന്നം, ചെറുകോൽ വഴി നടത്തിയിരുന്ന ബസ് സർവീസുകൾ എല്ലാം പെരുച്ചാൽ, അയിരൂർ, ചെറുകോൽപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. പമ്പാ നദിക്ക് അക്കരെ വഴി ബസുകൾ പോയതോടെ യാത്രക്ക് മാർഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. പിന്നീട് പുതമണ്ണിൽനിന്നു കോഴഞ്ചേരിയിലേക്ക് ഒരു കെഎസ്ആർടിസി സർവീസ് നടത്തി. ഇതായിരുന്നു ഇന്നാട്ടുകാരുടെ ഏക ആശ്രയം.
വാഹനങ്ങളും ഗതാഗതവും ഇല്ലാതെ വന്നതോടെ വ്യാപാരികളും ചെറുകിട കച്ചവടക്കാരും എല്ലാം പ്രതിസന്ധിയിലായിരുന്നു. ഇവക്കെല്ലാം താത്ക്കാലിക പരിഹാരമായാണ് പാലം തുറന്നത്. ചെറുകോൽ പഞ്ചായത്തിൽ പെരുന്തോടിനു കുറുകെ ഒരു മീറ്റർ വ്യാസമുള്ള നാല് പൈപ്പുകൾ സ്ഥാപിച്ചാണ് പാതയിൽ താത്ക്കാലിക പാലം ഒരുക്കിയിരിക്കുന്നത്. തോട്ടിൽ 12 മീറ്ററും ഇരുകരകളിലും 60 മീറ്റർ നീളവുമാണ് പാതയ്ക്കുള്ളത്. മൂന്നു മീറ്ററാണ് വീതി. ഒരു സമയം ഒരു വശത്തേക്കു മാത്രമേ ഗതാഗതം സാധ്യമാകൂ. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെകിലും അമിതഭാരം കയറ്റിവരുന്ന ചരക്കു വാഹനങ്ങൾ കടത്തിവിടില്ല. അവ ചെറുകോൽപുഴ റോഡിലൂടെ തന്നെ തുടർന്നും യാത്ര നടത്തണം. റാന്നിയിൽനിന്ന് കോഴഞ്ചേരിക്കു പോകുമ്പോൾ പുതമൺ പാലത്തിന്റെ ഇടതുവശത്തായിട്ടാണ് താൽക്കാലിക പാത നിർമിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശത്തെയും ഭൂവുടമകൾ താത്ക്കാലികമായി സ്ഥലം വിട്ടുനൽകിയാണ് പാത നിർമിച്ചത്. 30.8 ലക്ഷം രൂപയാണ് താത്ക്കാലിക പാതയ്ക്കായി സർക്കാർ നൽകിയത്.
2023 ജനുവരി 25ന് വൈകിട്ടാണ് പുതമൺ പാലത്തിൽ തകർച്ച കാണപ്പെട്ടത്. പഴയ പാലത്തിന്റെ ബീമിനു പൊട്ടൽ കാണപ്പെടുകയായിരുന്നു. തുടർന്ന് വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇവിടെ പുതിയ പാലത്തിനായി എസ്റ്റിമേറ്റും രൂപരേഖയും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. താത്ക്കാലിക പാലം തുറന്നതോടെ പഴയ പാലം നേരത്തെ അടച്ചിരുന്നു. പഴയ പാലം വഴിയും വാഹനങ്ങൾ ഓടുന്നുണ്ട്. ഇത് അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഗതാഗതം തടഞ്ഞ് പാലം കെട്ടി അടച്ചിരുന്നു. ഇത് ഭാഗികമായി പൊളിച്ചുനീക്കിയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.