റാന്നി : കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെതിരായി സി.പി.എമ്മിലെ പ്രതിഷേധത്തിന് പിന്നാലെ റാന്നിയില്‍ കേരള കോണ്‍ഗ്രസിനുള്ളിലും കലാപം. സ്ഥാനാര്‍ഥി പ്രമോദ് നാരായണനെ മാറ്റിയില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം രംഗത്തെത്തി.
ശനിയാഴ്ച പ്രമോദ് നാരായണനും കേരള കോണ്‍ഗ്രസ് എം ജില്ല ഭാരവാഹികളും പങ്കെടുത്ത് റാന്നിയില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. സമാധാനിപ്പിക്കാനുള്ള ശ്രമം പാളിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് നേതാക്കള്‍ പിരിഞ്ഞു.
ഷോബിള്‍ പാലക്കമണ്ണിലിനെ റിബലായി മത്സരിപ്പിക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം. അതേസമയം മണ്ഡലത്തിലെ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന വാദവുമുയരുന്നുണ്ട്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയും ഇതിനുണ്ട്.
രണ്ടര പതിറ്റാണ്ട് അടക്കിവാണ ഇടതു കോട്ടയായ റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സ്ഥാനാര്‍ഥിത്വം കൈമാറിയതിനെതിരെ സി.പി.എമ്മിലും സി.പി.ഐയിലും അമര്‍ഷം ശക്തമാണ്. സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറിയെങ്കിലും സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശീയന്തന്നെ സ്ഥാനാര്‍ഥിയാകും എന്നായിരുന്നു ഇടതുപാളയത്തിലെ കണക്കുകൂട്ടല്‍. എന്നാല്‍ ആലപ്പുഴ ജില്ലക്കാരനായ സ്ഥാനാര്‍ഥിയെ ഇറക്കുമതി ചെയ്തതാണ് പ്രാദേശിക കമ്മിറ്റികളില്വരെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും കാരണമായത്.
ഒരുതവണ ഒഴികെ ഇതുവരെ ഇടതു-വലതു മുന്നണികള്‍ ക്രിസ്ത്യന്‍ പശ്ചാത്തലമുള്ളവരെ മാത്രം സ്ഥാനാര്‍ഥികള്‍ ആക്കുന്നതായിരുന്നു റാന്നിയിലെ പതിവ്. ഇടതുസ്ഥാനാര്‍ഥി ഏതുകക്ഷിയുടെ ആളായാലും തങ്ങളുടെ സഭക്കാരനായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊടിപ്പിച്ചിട്ടുണ്ട്.
അഞ്ചുതവണ തുടര്‍ച്ചയായി എം.എല്‍.എ ആയിരുന്ന രാജു എബ്രഹാമിന് പകരം യുവജന നേതാവും പി.എസ്.സി മെംബറുമായ റോഷന് റോയ് മാത്യുവിന് സ്ഥാനാര്‍ഥിത്വം ലഭ്യമാകും എന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വിമുഖരാണ്.
ബ്ലോക്ക്, ജില്ല പഞ്ചായത്ത് രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച നിരവധി നേതാക്കള്‍ രാജു എബ്രഹാം ഒഴിയുന്ന സീറ്റില്‍ കണ്ണുംനട്ടിരിക്കുമ്പോഴാണ് താരതമ്യേന റാന്നിയില്‍ ആള്‍ബലം ഇല്ലാത്ത മാണി ഗ്രൂപ്പിന് സീറ്റ് കൈമാറുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിനിന്നുകൊണ്ടുതന്നെ ഇറക്കുമതി സ്ഥാനാര്‍ഥിയെ തറപറ്റിക്കാനാണ് പാര്‍ട്ടിയിലെ ചില നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും നീക്കം.
എന്‍.ഡി.എയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാന്‍ പി.സി. തോമസ് വഴി നീക്കം നടത്തിക്കൊണ്ടിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അവസാന നിമിഷം വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സംഘടനയുടെ സ്ഥാനാര്‍ഥിയായി മാറിയത് സി.പി.എം ജില്ല കമ്മിറ്റി അംഗത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് പറയുന്നു. ജില്ല കമ്മിറ്റി അംഗം ഇദ്ദേഹത്തിന്റെ വടശ്ശേരിക്കരയിലെ ഓഫീസില്‍ എത്തി ചര്‍ച്ച ചെയ്തശേഷമാണ് ബെന്നി പുത്തന്‍പറമ്പില്‍ ഒ.ഐ.ഒ.പി സ്ഥാനാര്‍ഥിയായത്.
മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകനും എസ്.എഫ്.ഐ നേതാവും കോളജ് യൂനിയന്‍ നേതാവും ഒക്കെയായിരുന്നെങ്കിലും പാര്‍ട്ടിയില്‍നിന്ന് മറുകണ്ടം ചാടിയ പ്രമോദ് നാരായണനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഒരുവിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു.