റാന്നി: വാഹനമിടിച്ച് അവശനിലയിലായ നായയെ സുമനസ്സുകൾ രക്ഷിച്ചു. വെള്ളിയാഴ്ച സന്ധ്യയോടെ മാമ്മുക്ക്-തേക്കാട്ടിൽ പള്ളിപ്പടി ഐത്തല റോഡിലാണ് ഉടമസ്ഥൻ ഉപേക്ഷിച്ച നായ വാഹനമിടിച്ച് അവശനിലയിൽ കിടപ്പിലായത്. രാത്രിതന്നെ സമീപവാസിയായ ഫാ. ബെൻസി മാത്യു കിഴക്കേതിൽ നായ്ക്കളെ സംരക്ഷിക്കുന്ന റെസ്ക്യൂ പ്രവർത്തകരുമായി ബന്ധപ്പെട്ടു. വള്ളിക്കോട്-കോട്ടയത്ത് പെറ്റ് പ്ലാനറ്റ് സംരക്ഷണ കേന്ദ്രം നടത്തുന്ന അജാസ് കോന്നിയും സഹപ്രവർത്തകരുമെത്തി നായയെ വൃത്തിയാക്കി.
ചെള്ളു പനി വന്ന നായയെ ചികിത്സിക്കാൻ മുതിരാതെ തെരുവിലുപേക്ഷിക്കുകയായിരുന്നു ഉടമസ്ഥൻ. വാഹനമിടിച്ച് നായയുടെ ഇടതു പിൻകാലിനും വയറിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ജില്ലയിൽ പലയിടത്തും ഇപ്രകാരം ഉടമസ്ഥർ നായകൾക്ക് രോഗം വരുമ്പോൾ ചികിത്സ നൽകാതെ തെരുവിൽ ഉപേക്ഷിക്കുക പതിവാണെന്ന് അജാസ് പറഞ്ഞു. പെറ്റ് പ്ലാനറ്റിൽ അൻപതിലധികം നായ്ക്കളെ പരിപാലിക്കുന്നുണ്ട്. പത്തനംതിട്ട ഓമല്ലൂരിൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കണ്ണ് നീക്കം ചെയ്യേണ്ടി വരും. സർജറിയും വേണ്ടി വരും. റാന്നിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രി ആരംഭിക്കണം എന്ന ആവശ്യം ശക്തമാണ്.