പത്തനംതിട്ട : റാന്നി പഞ്ചായത്തില്‍ വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്ക. മാണി ഗ്രൂപ്പുകാരിയായ പ്രസിഡന്റ് ശോഭാ ചാര്‍ളിക്കെതിരെയാണ് യു.ഡി.എഫിലെ നാല് അംഗങ്ങളും ഒരു സ്വതന്ത്രനും ഒപ്പിട്ട അവിശ്വാസം റാന്നി ബി.ഡി.ഒ ക്ക് നല്‍കിയത്. അതേ സമയം യു.ഡി.എഫിലെ ഒരംഗം ഒപ്പിട്ടു നല്‍കിയിട്ടില്ല.
ശോഭാ ചാര്‍ളിയെ താഴെ ഇറക്കണമെങ്കില്‍ 7 പേര്‍ വോട്ട് ചെയ്യണം. ബി.ജെ.പിയിലെ രണ്ട് പേര്‍ അവിശ്വാസത്തെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേസമയം നീക്കം പൊളിയുമെന്ന തികഞ്ഞ പ്രതീക്ഷ എല്‍.ഡി.എഫും വെച്ചുപുലര്‍ത്തുന്നു.
കഴിഞ്ഞ തവണ ഒരു രാത്രി കൊണ്ടാണ് യു.ഡി.എഫിന് പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍. പ്രകാശിനെ പ്രസിഡന്റ് സ്ഥാനം നല്‍കി മുന്നോട്ട് പോയപ്പോള്‍ ബി.ജെ.പി, എല്‍.ഡി.എഫ് പിന്തുണയോടെ മാണി ഗ്രൂപ്പിലെ ശോഭാ ചാര്‍ളി പ്രസിഡന്റ് ആകുകയായിരുന്നു. സംസ്ഥാനത്ത് വലിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. ഇത്തവണ ബി.ജെ.പി അംഗങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തവണത്തെ ബി.ജെ.പിയുടെ പിന്തുണ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു വഴിയൊരുങ്ങിയിരുന്നു. 15 ദിവസം കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ടു നിന്നാല്‍ പോലും ഒരംഗം ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ഭരണം യു.ഡി.എഫിന് അനായാസം ലഭിക്കില്ല.
പ്രസിഡന്റിന്റെ സ്വജനപക്ഷപാത നടപടിക്കെതിരെയാണ് അവിശ്വാസനോട്ടീസ് നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, മിനി തോമസ്, മിനു ഷാജി, പ്രസന്നകുമാരി, സ്വതന്ത്ര അംഗം കെ.ആര്‍. പ്രകാശ് എന്നിവരാണ് ഒപ്പിട്ടത്. 13 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ് – 5, എല്‍.ഡി.എഫ് – 5, ബി.ജെ.പി – 2, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് കക്ഷിനില.
ഇതിനിടെ വ്യാഴാഴ്ച അജ്ഞാത സംഘങ്ങളുടെ വക പോസ്റ്റര്‍ യുദ്ധവും അരങ്ങേറി. സേവ് സി.പി.എം, വര്‍ഗീയത തുലയട്ടെ എന്നിങ്ങനെയുള്ള പോസ്റ്ററുകളും ജോസഫ് ഗ്രൂപ്പ് അംഗം സച്ചിന്‍ വയല അവിശ്വാസത്തില്‍ ഒപ്പിടാത്തതിനെചൊല്ലി റാന്നിയിലെ ജനാധിപത്യ വിശ്വാസികള്‍ എന്ന പേരിലുമാണ് നോട്ടീസും പോസ്റ്ററുകളും പ്രചരിച്ചത്.