റാന്നി : മഴ പെയ്തതോടെ റാന്നി പഴവങ്ങാടി ചീഞ്ഞു നാറുകയാണ്. എങ്ങും കടുത്ത ദുര്‍ഗന്ധമാണ്. പമ്പാ നദിയില്‍ ഒഴുകിയെത്തുന്ന വലിയതോട് നിറയെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളാണ്. ഇത് പുണ്യനദിയായ പമ്പയേയും മലിനമാക്കുകയാണ്. നാട് ചീഞ്ഞു നാറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഖം മിനുക്കി സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ എന്നാണ് ആരോപണം. പുതിയ പ്രസിഡന്റ് ചുമതലയേറ്റിട്ട് അധികനാള്‍ ആയിട്ടില്ലെങ്കിലും അടിസ്ഥാന വിഷയമായ മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ ഇവര്‍ തികഞ്ഞ പരാജയമെന്നാണ് വിലയിരുത്തല്‍.
മാലിന്യനീക്കത്തിനും സംസ്കരണത്തിനും പഴവങ്ങാടി പഞ്ചായത്ത് വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കുന്നില്ല എന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇട്ടിയപ്പാറ ബസ്സ് സ്റ്റാന്‍ഡിന് പിന്നില്‍ മാലിന്യ പ്ലാന്റ് ഉണ്ടെങ്കിലും ഇതൊന്നും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. വരുമാനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഗ്രാമ പഞ്ചായത്താണ് റാന്നി – പഴവങ്ങാടി. വ്യാപാര മേഖലയുടെ വിസ്തൃതിയിലും ജനസാന്ദ്രതയിലും പഴവങ്ങാടി മുന്നിലാണ്. എന്നാല്‍ ഇവിടെ അടിസ്ഥാന സൌകര്യങ്ങള്‍ കുറവാണ്. ടൌണില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുവാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പാതയോരത്ത് എവിടെനോക്കിയാലും മാലിന്യ പൊതികളും കൂമ്പാരങ്ങളും കാണാം. ഇവ യഥാസമയം ശേഖരിച്ച് സംസ്കരിക്കുന്നില്ല. അതിനാല്‍ ചെറിയ മഴപെയ്യുമ്പോള്‍ തന്നെ ഇവ ചീഞ്ഞളിഞ്ഞ് പുഴുവരിക്കും.
ഇത് കണ്ടിട്ടും കാണാതെപോകുന്ന ജനപ്രതിനിധികളാണ് പഴവങ്ങാടി പഞ്ചായത്ത് ഭരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മുഖം മിനുക്കി പേരും പ്രശസ്തിയും നേടാന്‍ ഇവര്‍ ഏറെ സമയം ചെലവഴിക്കുന്നു. എന്നാല്‍ സ്വന്തം മൂക്കിനു താഴെ മാലിന്യങ്ങള്‍ ചീഞ്ഞുനാറുമ്പോള്‍ ഇതൊന്നും കാണുവാന്‍ ഇവര്‍ക്ക് സമയമില്ല. റാന്നി പഴവങ്ങാടി പഞ്ചായത്തിനെക്കുറിച്ച് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പരാതികളാണ്. നികുതി പിരിച്ചെടുക്കുന്നതല്ലാതെ യാതൊരുവിധ അടിസ്ഥാന സൌകര്യങ്ങളും ഇവിടെ ഉണ്ടാകുന്നില്ല. ഇടുങ്ങിയ റോഡിലെ പാര്‍ക്കിങ്ങും തെരുവുകച്ചവടവും ഇവിടെ പൊടിപൊടിക്കുകയാണ്. ഇതുമൂലം മിക്കപ്പോഴും ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നു.
ജനങ്ങള്‍ക്കും പ്രതികരിക്കാം, വാര്‍ത്തകള്‍ നല്‍കാം ..
Whatsapp – 751045 3033, Mail – [email protected]