റാന്നി : റാന്നി – പെരുനാട് ശബരിമല പാതയിലെ വയറൻമരുതി വഴി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലെ വളവുകൾ തലവേദനയാണ് . ശ്രദ്ധ അൽപ്പം മാറിയാൽ വാഹനവും ഡ്രൈവറും അപകടത്തിൽപ്പെടും. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാത, മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷനിലെ രാജേശ്വരി മണ്ഡപം മുതൽ കൂനംകര വരെ തോടിനോട് ചേർന്നാണ് കടന്നു പോകുന്നത്.
ഒട്ടേറെ ചെറുതും വലുതുമായ വളവുകളും പാതയിലുണ്ട്. 5 വർഷം മുമ്പ് ശബരിമല പാത ഉന്നത നിലവാരത്തിൽ നവീകരിച്ചിട്ടും തോടിന്റെ വശങ്ങളിൽ ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. കരിങ്കല്ല് കെട്ടിയ ചെറിയ പാരപ്പറ്റുകൾ മാത്രമാണ് ചിലയിടങ്ങളിൽ കാണുന്നത്. ചില സ്ഥലങ്ങളില്‍ മാത്രം ഇടിതാങ്ങിയും സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ സുരക്ഷ ഇതുമൂലം ലഭിക്കില്ല.
ശബരിമല തീർഥാടന കാലത്ത് വാഹനങ്ങൾ തോട്ടിലേക്കു മറിഞ്ഞ് ഒട്ടേറെ അപകടങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. എന്നിട്ടും സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിട്ടില്ല. അപകട മുന്നറിയിപ്പു നൽകുന്ന ബോർഡുകളും പിഡബ്ല്യുഡി സ്ഥാപിച്ചിട്ടില്ല. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാത ഇപ്പോൾ ദേശീയ ഹൈവേ വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്. അടുത്ത തീർഥാടനത്തിനു മുൻപ് ഇവിടെ സുരക്ഷ വർധിപ്പിക്കുമോ എന്നാണ് പ്രദേശവാസികൾ ഉറ്റു നോക്കുന്നത്.