റാന്നി: തിരുവാഭരണ പാതയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നു പേരെ റാന്നി പോലീസ് പിടികൂടി. മാലിന്യം ശേഖരിച്ചുകൊണ്ടുവന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർ നൂറനാട് ശാന്തി നിലയത്തിൽ സുചിന്ദ്ര ബാബു (30), നൂറനാട് പഴഞ്ഞൂർ കോണം കക്കാട്ടു കുറ്റിയിൽ ജിബിൻ (26), നൂറനാട് കിടങ്ങയം അരുൺ നിവാസിൽ അരുൺ കുമാർ (30) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കേസെടുത്തു. തിരുവാഭരണ പാതയിൽ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നിരന്തരമായി തിരുവാഭരണ പാതയിൽ റാന്നി വൈക്കത്തിനും മന്ദിരത്തിനുമിടയിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. സംഭവത്തില്‍ റാന്നി പഞ്ചായത്ത് അധികൃതരും തിരുവാഭരണ പാത സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകിയിരുന്നു.
ഒരാഴ്ച മുമ്പ് രാത്രി രണ്ടരയോടെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. അങ്ങനെയാണ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയത് കൈമൂട്ടില്‍പടി രാജേഷിന്‍റെ വീടിനോടും സമീപത്തെ തോടിനോടും ചേര്‍ന്നാണ്. ഇവിടെ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തി പമ്പാനദിയില്‍ വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസിന്‍റെ കിണറിനു അരകിലോമീറ്റർ മുകളിലാണ് ചേരുന്നത്. ഈ പാതയിൽ കഴിഞ്ഞ രണ്ടു വർഷമായി മാലിന്യം തള്ളല്‍ സ്ഥിരം സംഭവമാണ്. ശനിയാഴ്ച പോലീസെത്തി നാട്ടുകാരുടെയും പഞ്ചായത്തിൻ്റെയും മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയതിനു ശേഷം ഇവരെ പിടികൂടുകയായിരുന്നു