റാന്നി : റാന്നി പോലീസ് സ്റ്റേഷൻ മുറ്റത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി പുറത്തേക്ക് തള്ളിയ നിലയില്‍. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന്‍റെ ഭാഗമായി പോലീസ് സ്റ്റേഷനു മുന്നില്‍ വീതി വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്റ്റേഷൻ്റെ മുറ്റത്ത് ഉയരത്തില്‍ കുത്തനെ നിര്‍മ്മിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പുറത്തേക്ക് തള്ളിയത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിനു ശേഷമുണ്ടായ കനത്ത മഴക്കു പിന്നാലെയാണ് ഭിത്തി പുറത്തേക്ക് തള്ളിയ നിലയിൽ കാണപ്പെട്ടത്. റോഡിൻ്റെ നവീകരണത്തിന് മുൻപു കൽകെട്ടിലായിരുന്നു സ്റ്റേഷൻ്റെ സംരക്ഷണ ഭിത്തി. പുതിയതായി റോഡിന് വീതി കൂട്ടിയപ്പോൾ പഴയ കൽകെട്ട് പൊളിച്ചുമാറ്റിയാണ് വീതി വർദ്ധിപ്പിച്ചത്. പുതിയതായി സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുമ്പോൾ തന്നെ അത്രയും ഉയരത്തിലുള്ള നിർമ്മാണത്തിൻ്റെ അപാകത സംബന്ധിച്ച് ആശങ്ക നാട്ടുകാർ ഉയർത്തിയിരുന്നു.
ഇരുപത് മീറ്ററിൽ കൂടുതൽ നീളത്തിലും, പതിനഞ്ചടിയിൽ കൂടുതൽ ഉയരത്തിലും കോൺക്രീറ്റ് ചെയ്തതിൻ്റെ ബലത്തിനെ സംബന്ധിച്ച് നാട്ടുകാർ ഉയർത്തിയ ആശങ്ക ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. സംസ്ഥാന പാതയുടെ നിർമ്മാണം തുടങ്ങിയ കാലം മുതൽ സ്ലാബുകൾ അടക്കം നിലവാരം കുറവാണന്ന ആരോപണം ഉയന്നതാണ്. ഇതിനെ പറ്റി അന്വേഷിക്കാനോ ഗുണനിലവാരം നിലനിർത്തുവാനോ അധികൃതർ ശ്രമിച്ചില്ലെന്നുള്ള ആരോപണം ബലപ്പെടുന്നതാണ് ഈ സംഭവം.
റാന്നി പെരുമ്പുഴ ബസ് സ്റ്റാൻ്റിലേക്ക് കയറുന്ന ഭാഗത്ത് ഓടയുടെ സ്ലാബിനു മുകളിൽ ബസ് കയറിയപ്പോൾ ഒടിഞ്ഞതു വിവാദമായതിനെ തുടർന്ന് പിന്നീട് മാറ്റി സ്ഥാപിച്ചിരുന്നു. കരാർ കമ്പിനിയുടെ നിർമ്മാണത്തെ പറ്റി നാട്ടുകാർ ഉന്നയിച്ച ആരോപണം അധികൃതർ തള്ളിക്കളഞ്ഞതിൻ്റെ പരിണിതഫലമാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.